ന്യൂഡൽഹി : 28,000-ലധികം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്‌ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് കേന്ദ്രനിർദ്ദേശം. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ് ഡിപ്പാർട്‌മെന്റ് ഓഫ് ടെലികോമിന്റെ (ഡിഒടി) നിർദ്ദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസും നടത്തിയ അന്വേഷണത്തിൽ 28,200 ഹാൻഡ്‌സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റുകളിലായി 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഡിഒടി കണ്ടെത്തി. 52 കമ്പനികളെ വ്യാജ, ഫിഷിംഗ് എസ്‌എംഎസുകൾ അയച്ചതിന്റെ പേരിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ മാർച്ചിലാണ് കേന്ദ്രം ‘ചക്‌ഷു പോർട്ടൽ’ പുറത്തിറക്കിയത്. അന്നു മുതൽ രാജ്യത്ത് ഇതുവരെ 348 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്തു. 10,834 നമ്പരുകൾ പുനഃപരിശോധനയ്‌ക്ക് അയച്ചു. ഈ വർഷം ഏപ്രിൽ 30 വരെ 1.66 കോടി മൊബൈൽ കണക്‌ഷനുകളാണ് ഡിഒടി റദ്ദാക്കിയത്.