ലോകത്തെഎല്ലാ മദ്യപാനികളെയും വല്ലാതെ അലട്ടുന്ന ഒരു കാര്യമാണ് മര്യാദയ്ക്ക് വെള്ളമടിക്കാന്‍ കഴിയാത്ത രോഗങ്ങള്‍. എന്നാല്‍, മദ്യപാനം കൊണ്ട് കരളു കത്തിപ്പോകുന്നവരെ കുറിച്ച് മദ്യപന്‍മാരോട് ഒന്നു ചോദിച്ചു നോക്കിയിട്ടുണ്ടോ. അവര്‍ പറയുന്ന ഉത്തരങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ചിലര്‍ പറയും ‘ സ്വന്തം ആരോഗ്യം നോക്കിയിട്ടു വേണം മദ്യപിക്കാനെന്ന്’. ചിലരാകട്ടെ, ‘എന്റെ കാശ്, എന്റെ ശരീരം, ഞാന്‍ ഇനിയും കുടിക്കും, ആരാ ചോദിക്കാന്‍ വരുന്നെ’. ചിലര്‍ പറയുന്നത് ‘ കുടിച്ചു ചാകട്ടെ എന്നാണ്’. ഇങ്ങനെയൊക്കെ പറയുമെങ്കിലും കുടിക്കുന്ന കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്.
പക്ഷെ, സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചിക്തിസയില്‍ കഴിയുന്ന മദ്യപാനികളായ നിത്യരോഗികളെ കാണുമ്പോള്‍, അവരുടെ നീറിപ്പുകഞ്ഞുള്ള ജീവിതം അറിയുമ്പോള്‍, ലോക്കത്തുള്ള ഏതൊരു വസ്തുവിനേക്കാളും മദ്യത്തെ വെറുത്തു പോകും. അത്തരം രോഗങ്ങളാണ് മദ്യത്തില്‍ നിന്നും കാത്തിരിക്കുന്നത്. പക്ഷെ, ഇതൊന്നും മൈന്‍ഡു ചെയ്യാതെയാണല്ലോ, മദ്യം സേവിക്കുന്നത്. അങ്ങനെയുള്ളവര്‍ അറിയണം. മദ്യപാനത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളെയും. അതായത് ആള്‍ക്കഹോളിക് ലിവര്‍ ഡിസിസിനെ കുറിച്ച്.
ഒന്നാംഘട്ടം: ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍
കരളില്‍ കൊഴുപ്പ് നിറയുന്ന ഘട്ടമാണിത്. കൊഴുപ്പ് നിറഞ്ഞ് കരള്‍ വീര്‍ത്തുവരുന്ന അവസ്ഥ മിക്കവാറും ഉണ്ടാകാറുണ്ട്. ഇതിനെ ഹെപ്പറ്റോമെഗാലി (Hepatomegaly)എന്ന് പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ പൊതുവേ ഒരു ലക്ഷണവും കാണിക്കാറില്ല. 90 ശതമാനം അമിത മദ്യപാനികളിലും ഫാറ്റി ലിവര്‍ കാണപ്പെടുന്നു. മദ്യപാനം നിര്‍ത്തിയാല്‍ ഫാറ്റിലിവറില്‍ നിന്ന് മുക്തമാകാം എന്നുള്ളതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.
രണ്ടാം ഘട്ടം:ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ്
കരള്‍വീക്കം ഉണ്ടാകുന്ന രണ്ടാമത്തെ ഘട്ടമാണിത്. ചെറിയ രീതിയിലുള്ള കരള്‍വീക്കം മരുന്നുകളിലൂടെ ഭേദമാക്കാമെങ്കിലും തീവ്രമായ ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് കൂടുതല്‍ മരണനിരക്ക് ഉണ്ടാക്കുന്ന അസുഖമാണ്. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അമിത ക്ഷീണം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കില്‍ കരള്‍പരാജയം ഉണ്ടാവുകയും രക്തസ്രാവം, ബുദ്ധിസ്ഥിരതയിലെ വ്യതിയാനം, അബോധാവസ്ഥ തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യാം. ചെറിയ കാലയളവിലുള്ള അമിതമദ്യപാനം (binge drinking) പലപ്പോഴും ആല്‍ക്കഹോളിക്ക് ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്.
മൂന്നാംഘട്ടം: സിറോസിസ്
സിറോസിസ് എന്നാല്‍ ഘടനയില്‍ വ്യത്യാസം വന്ന് ചുരുങ്ങി, പ്രവര്‍ത്തനക്ഷമത കുറഞ്ഞ കരള്‍ എന്നാണര്‍ത്ഥം. കരളിലെ പ്രഷര്‍ കൂടുന്നതിനാല്‍ കരളിലേക്ക് എത്തിച്ചേരുന്ന രക്തക്കുഴലുകളിലെയും പ്രഷര്‍ കൂടുന്നു. അന്നനാളത്തിലെയും ആമാശയത്തിലെയും രക്തക്കുഴലുകളാണ് ഇതില്‍ പ്രധാനം. അമിത പ്രഷര്‍ കാരണം ഇവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു. ഇത് രക്തം ഛര്‍ദിക്കുന്നതിനും മലത്തിലൂടെ കറുപ്പ് നിറത്തില്‍ രക്തം പോകുന്നതിനും കാരണമാകുന്നു. കൂടാതെ കരളിലെ പ്രഷറും ആല്‍ബുമിന്റെ അഭാവവും കാരണം വയറ്റിലും, കാലിലും വെള്ളം നിറയുന്നു. വയറ്റില്‍ വെള്ളം നിറയുന്നതിനെ അസൈറ്റിസ് (Ascites) എന്ന് പറയുന്നു.
വിഷാംശങ്ങള്‍ നിര്‍വീര്യമാക്കാന്‍ പറ്റാത്തതിനാല്‍ ഇവയുടെ അംശം തലച്ചോറിലേക്ക് എത്തി തലച്ചോറിന്റെ പ്രവര്‍ത്തനം അവതാളത്തിലാവുന്നു. ഇത് സ്വഭാവവ്യത്യാസം, ഉറക്കകൂടുതല്‍, അമിത ദേഷ്യം, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. രക്തത്തില്‍ ബിലിറൂബിന്‍ അളവ് കൂടുന്നതിനാല്‍ മഞ്ഞപ്പിത്തം ഉണ്ടാക്കുകയും, കണ്ണിനും ശരീരത്തിനും മഞ്ഞനിറം കാണപ്പെടുകയും ചെയ്യുന്നു. രക്തം കട്ടയാകാനുള്ള കഴിവ് കുറയുന്നതിനാല്‍ മോണയില്‍നിന്നും മൂക്കില്‍നിന്നും മൂത്രത്തിലൂടെയും രക്തസ്രാവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സിറോസിസ് ബാധിച്ച കരളിലെ പ്രഷര്‍ കൂടുന്നത് ഹൃദയം, വൃക്ക, ശ്വാസകോശംപോലുള്ള മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കാന്‍ ഇടയാക്കും. സിറോസിസ് ഉള്ള കരളില്‍ കാന്‍സര്‍ വരാനുളള സാധ്യതയും കൂടുതലാണ്.
മദ്യപാനംമൂലം കരള്‍രോഗം വരാന്‍ സാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ ?
ഏത് അളവിലാണെങ്കിലും, ഏത് തരത്തിലുള മദ്യമാണെങ്കിലും അത് കരളിനും മറ്റ് അവയവങ്ങള്‍ക്കും ഉപദ്രവകാരിയാണ്. മദ്യത്തിന്റെ അളവും മദ്യപാനത്തിന്റെ കാലയളവും കരള്‍രോഗത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കരളിനുണ്ടാക്കുന്ന അസുഖങ്ങളുടെ തീവ്രത മദ്യത്തിലെ കലര്‍പ്പില്ലാത്ത ആല്‍ക്കഹോളിന്റെ (Absolute Alcohol) അളവിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് 36 ശതമാനം വരെ ആല്‍ക്കഹോളിന്റെ അംശമുള്ള ബീര്‍ ഉണ്ടാക്കുന്നതിനെക്കാള്‍ ദോഷം 40 ശതമാനം ആല്‍ക്കഹോള്‍ അംശമുള്ള വീര്യംകൂടിയ മദ്യം ഉണ്ടാക്കുന്നു. ഒരു ദിവസം ഏകദേശം 30 ഗ്രാം ആല്‍ക്കഹോള്‍ എന്ന തോതില്‍ മദ്യം കഴിക്കുന്നത് കരള്‍ രോഗത്തിന് വഴിയൊരുക്കുന്നു.
എന്നാല്‍ ഈ അളവ് എല്ലാവര്‍ക്കും ഒരുപോലെ ആകണമെന്നില്ല. ഓരോരുത്തരുടെയും ജനിതകഘടനയനുസരിച്ച് മദ്യത്തോടുള്ള കരളിന്റെ പ്രതികരണം വ്യത്യാസപ്പെട്ടിരിക്കാം. അതിനാല്‍ ചെറിയ അളവ് മദ്യംപോലും കരളിന് ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂട്ടാം. ഇത് കൂടാതെ പ്രമേഹം, അമിത ബി.പി., കൊളസ്‌ട്രോള്‍ വ്യതിയാനങ്ങള്‍പോലുള്ള മറ്റ് അസുഖങ്ങളുടെ സാന്നിധ്യം, പുകവലി പോലുള്ള ദുശ്ശീലം എന്നിവ ഉണ്ടെങ്കില്‍ മദ്യപാനികളില്‍ കരള്‍ തകരാറിന് സാധ്യത കൂടുന്നു.
സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ അളവിലുള്ള മദ്യ ഉപയോഗം പോലും കരള്‍രോഗം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ചെറിയ കാലയളവില്‍ വലിയ അളവിലുള്ള മദ്യപാനം (Binge drinking)കൂടുതല്‍ അപകടകാരിയാണ്.ലോകാരോഗ്യസംഘടനയുടെ 2016ലെ കണക്കുകള്‍ പ്രകാരം മദ്യം കാരണമുള്ള മരണങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം (21.3%) ഉദര,കരള്‍ രോഗങ്ങള്‍ക്കാണ്. (ഒന്നാം സ്ഥാനത്ത് അപകടമരണങ്ങളും) പാശ്ചാത്യരാജ്യങ്ങളില്‍ സിറോസിസ് രോഗത്തിനുള്ള മുഖ്യകാരണം മദ്യമാണ്. ഇന്ത്യയിലെയും സ്ഥിതി മറിച്ചല്ല.
പല സെന്ററുകളിലെയും പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മദ്യപാനമാണ്, ഇന്ത്യയില്‍ സിറോസിസ് രോഗത്തിനുള്ള ഒന്നാമത്തെ കാരണം എന്നാണ് (30-70% വരെ). കേരളത്തിലേത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏറ്റവും കൂടുതല്‍ മദ്യ ഉപഭോഗം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സന്തോഷം വന്നാലും, സങ്കടം വന്നാലും മലാളികള്‍ കുടിച്ചു തീര്‍ക്കുന്നത് കോടികളുടെ മദ്യമാണ്. ആഘോഷത്തിലും ആര്‍ഭാടങ്ങളിലും മദ്യം പ്രധാന ഘടകമായി മാറിയിട്ട് കുറച്ചു കാലമേ ആയുള്ളൂ.