ദോഹ: ഇന്ത്യയുടെ പുരുഷ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് ദോഹ ഡയമണ്ട് ലീഗില്‍ രണ്ടാംസ്ഥാനം. അഞ്ചാമത്തെയും അവസാനത്തെയും ത്രോയില്‍ 88.36 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ദോഹയിൽ വെള്ളി മെഡല്‍ അണിഞ്ഞത്. വെറും 0.02 മീറ്ററിനാണ് ഇന്ത്യന്‍ സൂപ്പർ താരത്തിന് ഒന്നാംസ്ഥാനം നഷ്ടമായത്. സീസണില്‍ തന്‍റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ നീരജ് ചോപ്രക്ക് 90 മീറ്റർ കടമ്പയിലേക്ക് പക്ഷേ എത്താനായില്ല. ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാദ്‍ലേയ ആണ് നീരജിനെ പിന്നിലാക്കി ഈയിനത്തില്‍ ഒന്നാമത് ഫിനിഷ് ചെയ്തത്.
പാരിസ് ഒളിംപിക്സിലേക്ക് കണ്ണുംനട്ടിരിക്കുന്ന നീരജ് ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരിക്കാനിറങ്ങിയത്. നീരജിനൊപ്പം ഇന്ത്യയുടെ കിഷോർ ജനെയും ദോഹ ഡയമണ്ട് ലീഗിലെ പുരുഷ ജാവലിനിൽ മത്സരിച്ചെങ്കിലും നിരാശനായി മടങ്ങി. 76.31 മീറ്റർ ആണ് കിഷോറിന് കണ്ടെത്താനായ മികച്ച ദൂരം. ഒഡീഷയിൽ വെച്ച് നടക്കുന്ന ഫെഡറേഷൻ കപ്പിലും നീരജ് ചോപ്ര പങ്കെടുക്കും. ജൂലൈയിൽ നടക്കുന്ന പാരിസ് ഒളിംപിക്സിലും തന്‍റെ സ്വർണ നേട്ടം ആവർത്തിക്കുമെന്ന് തിരിച്ചുവരവ് അറിയിച്ചുള്ള കുറിപ്പിൽ നീരജ് പറഞ്ഞിരുന്നു.