World

ജിം സൈമണ്‍സ് ആരാണ് ? : കോടികള്‍ സമ്പാദിച്ച വഴി അറിയണോ ?

സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപകരും ട്രേഡേഴ്‌സും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപണിയിലെ വമ്പന്മാരുമായി താരതമ്യം ചെയ്ത് നോക്കാറുണ്ട് പലപ്പോഴും. തങ്ങളുടെ പ്രകടനത്തെ ഇതിലൂടെ സ്വയം വിലയിരുത്താനും, പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണിത്. ഇങ്ങനെ നിരന്തരം സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് നിരീക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍, നിങ്ങള്‍ക്ക് ജിം സൈമണ്‍സ് എന്ന പേര് കേള്‍ക്കാതെ പോകാന്‍ കഴിയില്ല. ജിമ്മിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കാനും കഴിയും. അതാണ് അന്തരിച്ച ജിം സൈമണ്‍സ് എന്ന പേരിന്റെ പിന്‍ബലം. ജിം സൈമണ്‍സ് എന്നത് ലോകത്തെ തന്നെ ഏറ്റവും മികച്ച ട്രേഡേഴ്‌സില്‍ ഒരാളാണ്.

യുഎസിലെ പ്രമുഖ ട്രേഡ് ഹെഡ്ജിംഗ് കമ്പനിയായ Renaissance Technologies എന്ന കമ്പനിയുടെ സ്ഥാപകനാണ് ജിം. തന്റെ ഗണിത ശാസ്ത്രത്തിലെ മികവ് കൊണ്ട് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും കോടികളാണ് അദ്ദേഹം കൊയ്തിരുന്നത്. അദ്ദേഹതതെ കുറിച്ച് അറിയാതെ പോകരുത്. 1938ല്‍ മസാച്യുസെറ്റ്‌സിലെ ബ്രൂക്ലിനില്‍ ഒരു മധ്യവര്‍ഗ അമേരിക്കന്‍ ജൂത കുടുംബത്തിലാണ് ജെയിംസ് ഹാരിസ് സൈമണ്‍സ് ജനിച്ചത്. ഗണിത ശാസ്ത്രത്തെ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം കുട്ടിക്കാലം മുതല്‍ക്കെ കണക്കുകളില്‍ അഗ്രകണ്യനായിരുന്നു.

സൈമണ്‍സ് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എം.ഐ.ടി) ഗണിതശാസ്ത്രം പഠിക്കുകയും പിന്നീട് ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കുകയും ചെയ്തു. 1960-70 കളില്‍ എം.ഐ.ടിയിലും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു. അതേ കാലയളവില്‍, സോവിയറ്റ് ചാര കോഡുകള്‍ തകര്‍ക്കാന്‍ സഹായിക്കുന്നതിന് ഗണിതശാസ്ത്രജ്ഞരെ നിയമിച്ച യു.എസ് ഗവണ്‍മെന്റ് ധനസഹായം നല്‍കുന്ന എലൈറ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷനായ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിഫന്‍സ് അനാലിസിസിലും (ഐ.ഡി.എ) സൈമണ്‍സ് ചേര്‍ന്നിരുന്നു.

1978ല്‍ മോണിമെട്രിക്‌സ് എന്ന പേരില്‍ ഒരു ഹെഡ്ജ് ഫണ്ട് സ്ഥാപിച്ച് കൊണ്ട് ജിം സൈമണ്‍സ് വാള്‍സ്ട്രീറ്റിലേക്ക് ചുവടുവെച്ചു. തികച്ചും പുതിയ കാഴ്ചപ്പാടോടെ അദ്ദേഹം സാമ്പത്തിക വിപണികളെ സമീപിച്ചു. മറഞ്ഞിരിക്കുന്ന പാറ്റേണുകള്‍ കണ്ടെത്താന്‍ തന്റെ ഗണിതശാസ്ത്ര കഴിവുകള്‍ ഉപയോഗപ്പെടുത്തി. സംഭവങ്ങളുടെ ഒരു ശൃംഖല വിശകലനം ചെയ്തുകൊണ്ട് സാധ്യതകള്‍ കണക്കാക്കി ശാസ്ത്രീയ പ്രവചനങ്ങള്‍ നടത്താനാകുന്ന ഒരു അല്‍ഗോരിതവും അതിനായി ഒരു സ്ഥാപനവും അദ്ദേഹം സൃഷ്ടിച്ചു. തുടക്കത്തില്‍ മികച്ച ലാഭം നേടാന്‍ ഈ കമ്പനിക്ക് സാധിച്ചിരുന്നെങ്കിലും പിന്നീട് കോടികണക്കിന് ഡോളറുകളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

തോറ്റു കൊടുക്കാന്‍ തയ്യാറാകാതെ സിമണ്‍സ് പുതിയ നക്ഷേപകരെ കണ്ടെത്തി തന്റെ നിക്ഷേപം തുടര്‍ന്നു. 1980ല്‍ അദ്ദേഹം കമ്പനിയുടെ പേര് Renaissance Technologies എന്നാക്കി. ഒപ്പം ട്രേഡിംഗിനായി കംപ്യൂട്ടറുകളുടെ സേവനവും തേടി. ഗണിതശാസ്ത്രജ്ഞര്‍, സ്ഥിതിവിവരക്കണക്കുകള്‍, പ്രോഗ്രാമര്‍മാര്‍ എന്നിവരുടെ സഹായത്തോടെ Renaissance Technologies ശക്തമായി മുന്നേറി. ജിം സൈമണ്‍സ് പൂര്‍ണ്ണമായും അളവ് വിശകലനത്തെയും അല്‍ഗോരിത നിക്ഷേപ തന്ത്രങ്ങളെയും ആശ്രയിച്ചു. അദ്ദേഹത്തിന്റെ സ്ഥാപനം ലോകബാങ്കില്‍ നിന്നും, ചരക്ക് വിനിമയങ്ങളില്‍ നിന്നും, കറന്‍സി വിലയുടെ രേഖകളില്‍ നിന്നും മുന്‍കാല വിവരങ്ങള്‍ ശേഖരിച്ച് കമ്പ്യൂട്ടറുകളിലേക്ക് നല്‍കി.

ചരിത്രപരമായ ചലനങ്ങളും പാറ്റേണുകളും വിശകലനം ചെയ്യാന്‍ അവര്‍ ഈ ഡാറ്റ ഉപയോഗിച്ചു. കമ്പനി അല്‍ഗോരിതം പരിഷ്‌കരിച്ചതിനാല്‍ തന്നെ വ്യത്യസ്ത വിപണി സാഹചര്യങ്ങളിലെ ചലനങ്ങള്‍ പ്രവചിക്കാന്‍ സാധിക്കും. സൈമണ്‍സിനും അദ്ദേഹത്തിന്റെ സംഘത്തിനും, ഗണിതശാസ്ത്രപരവും സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കിയുള്ള മറ്റാര്‍ക്കും തന്നെ അറിയാത്ത സ്വയം നിര്‍മിച്ച തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. ക്രമേണ, മെഡാലിയന്‍ ഫണ്ട് ലോകത്തിലെ ഏറ്റവും ലാഭകരമായ പോര്‍ട്ട്‌ഫോളിയോ ആയി മാറി. നിലവില്‍ വാള്‍സ്ട്രീറ്റില്‍ ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഇതിനുണ്ട്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മാത്രമാണ് ഫണ്ട് തുറന്നിരിക്കുന്നത്. എല്ലാ നിക്ഷേപകര്‍ക്കും വേണ്ടി തുറന്നിരിക്കുന്ന മറ്റ് മൂന്ന് ഫണ്ടുകള്‍ Renaissance കൈകാര്യം ചെയ്യുന്നുണ്ട്.

1998 മുതല്‍ 2018 വരെ, മെഡാലിയന്‍ ഫണ്ട് ഫീസിന് മുമ്പ് ശരാശരി 66 ശതമാനം വാര്‍ഷിക വരുമാനം സൃഷ്ടിച്ചു, ഇത് വാറന്‍ ബഫറ്റിനെപ്പോലുള്ള ഇതിഹാസ നിക്ഷേപകരെ മറികടന്ന് കൊണ്ടാണെന്ന് ഓര്‍ക്കുക. ഇത് വളരെ ലാഭകരമായ ഫണ്ടായതിനാല്‍, കമ്പനി ക്ലയന്റുകളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കുന്നുണ്ട്. എല്ലാ ചാര്‍ജുകളും കഴിഞ്ഞതിന് ശേഷവും 20 വര്‍ഷത്തെ കമ്പനിയുടെ വാര്‍ഷിക വരുമാനം എന്നത് 39 ശതമാനമാണ്. Renaissance Technologies 55 ബില്യണ്‍ ഡോളറാണ് കൈകാര്യം ചെയ്യുന്നത്. മെഡാലിയോണ്‍ ഫണ്ട് 10 ബില്യണ്‍ ഡോളറും കൈകാര്യം ചെയ്യുന്നു.

ജിം സൈമണ്‍സ് തന്റെ സ്ഥാപനം വികസിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമായി മിടുക്കരായ വ്യക്തികളുടെ ഒരു ടീം രൂപീകരിച്ചു. വ്യാപാര തന്ത്രങ്ങള്‍ പൂര്‍ണമാകുന്നതുവരെ അവര്‍ നിരന്തരം പിന്നോക്ക പരിശോധന നടത്തി. സിമോണിനെ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തവര്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടായത്. 2010-ല്‍ വിരമിക്കുന്നതുവരെ Renaissance Technologies-ന്റെ ചെയര്‍മാനും സിഇഒ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. മാനേജര്‍മാര്‍ക്കും ഉടമകള്‍ക്കും ഒഴികെ, മെഡലിയന്‍ ഫണ്ടിന്റെ കൃത്യമായ നിക്ഷേപ തന്ത്രങ്ങള്‍ ആര്‍ക്കും തന്നെ അറിയില്ല.

1994-ല്‍ ജിം സൈമണ്‍സ് തന്റെ ഭാര്യയോടൊപ്പം സൈമണ്‍സ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. തന്റെ സമ്പത്തിന്റെ 2.7 ബില്യണിലധികം സംഭാവന നല്‍കി. വിദ്യാഭ്യാസം, ആരോഗ്യം, ഓട്ടിസം ഗവേഷണം എന്നിവയെ അദ്ദേഹം ശക്തമായി പിന്തുണയ്ക്കുന്നു. 2004-ല്‍ അദ്ദേഹം മാത്ത് ഫോര്‍ അമേരിക്ക സ്ഥാപിച്ചു, ഇത് ഗണിതശാസ്ത്ര, ശാസ്ത്ര അധ്യാപകരെ അവരുടെ റോളുകളില്‍ തുടരാനും അവരുടെ അധ്യാപന കഴിവുകള്‍ മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കുന്നു. 28 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ തന്നെ സ്വയം നിര്‍മ്മിത കോടീശ്വരന്മാരില്‍ ഒരാളാണ് ജെയിംസ് ഹാരിസ് സൈമണ്‍സ്.

ആ ജിം സൈമണ്‍സ് ആണ് ഇന്നലെ അന്തരിച്ചത്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ എങ്ങനെ നിക്ഷേപിക്കാമെന്നും, എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നും ലോകത്തിനു കാട്ടിക്കൊടുത്ത ബുദ്ധിരാക്ഷസനാണ് വിടപറഞ്ഞിരിക്കുന്നത്. സൈമണ്‍സ് ഫൗണ്ടേഷനാണ് പ്രസ്താവനയിലൂടെ ജിമ്മിന്റെ മരണം ഔദ്യോഗികമായി അറിയിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. ജിം തന്റെ ജീവിതാവസാനം വരെ സൈമണ്‍സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു.