അബൂദബി: അബൂദബിയിൽ വായു മലിനീകരണവും ശബ്ദമലിനീകരണവും തടയാൻ പദ്ധതികൾ പ്രഖ്യാപിച്ച് പരിസ്ഥിതി ഏജൻസി. ശുദ്ധവായു ഉറപ്പാക്കാൻ പുതിയ നിയന്ത്രണങ്ങളും നിയമവും നിലവിൽ വരും. അബൂദബിയിൽ അന്തരീക്ഷ വായുവിന്റെ ഗുണമേൻമ പരിശോധിക്കാൻ പ്രത്യേക ശൃംഖലയും സംവിധാനങ്ങളും ഏർപ്പെടുത്തുകയാണ് പരിസ്ഥിതി ഏജൻസി. ഇത് സംബന്ധിച്ച് അബൂദബി പരിസ്ഥിതി ഏജൻസി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽനഹ്യാൻ പ്രത്യേക ഉത്തരവിറക്കി.
അബൂദബിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും, നടപ്പാക്കുന്ന പദ്ധതികളും വായുവിന്റെ ഗുണമേൻമ ഉറപ്പാക്കാൻ ബാധ്യസ്ഥരാണ്. സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ പരിസ്ഥിതി ഏജൻസിയുടെ പ്രത്യേക അനുമതി നേടിയിരിക്കണം. സ്ഥാപനങ്ങളും വാഹനങ്ങളും വായുവിലേക്ക് തുറന്നുവിടുന്ന മാലിന്യത്തിന് പരിധി നിശ്ചയിക്കും. ശബ്ദമലിനീകരണത്തിന്റെ കാര്യത്തിലും ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് തീരുമാനം.
പരിധികൾ ലംഘിക്കുന്നവർക്ക് ശിക്ഷനൽകുന്ന നിയമവും കൊണ്ടുവരും. രാത്രിയിൽ പ്രകാശ മലിനീകരണം ഒഴിവാക്കാൻ ഡാർക്ക് സ്‌കൈ നയം സ്വീകരിക്കാൻ അബൂദബി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും രാത്രി പുറപ്പെടുന്ന വെളിച്ചം നിയന്ത്രിക്കാനാണ് തീരുമാനം.