Kerala

അയ്യോ! ഷോക്കടിപ്പിച്ചേ, എന്ന് ശ്രീലേഖ IPS : ബാലിശമായ പ്രസ്താവന നടത്തി മോശമാകരുതെന്ന് KSEB എ.ഇ.ഇ

ഫെയ്‌സ്ബുക്ക് തുറന്നാല്‍ സോളാര്‍ കമ്പനികളുടെ പരസ്യമാണ്. നിരവധി സോളാര്‍ കമ്പനികള്‍ വൈദ്യുതി ചാര്‍ജില്‍ നിന്നും മുക്തി നേടാം എന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കി സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം പ്രചരിപ്പിക്കുന്നുണ്ട്. പുതിയ ട്രെന്‍ഡില്‍ നിന്നും മാറി നില്‍ക്കണ്ടെന്ന് കരുതി നിരവധി ആള്‍ക്കാര്‍ സോളാറിലേക്ക് ആകൃഷ്ടരാകുന്നുമുണ്ട്. ഇതില്‍ ഒന്നും നമുക്ക് ആരെയും കുറ്റപ്പെടുത്താന്‍ ആവില്ല. എന്നാല്‍, ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കി സോളാര്‍ നിലയങ്ങള്‍ സ്വന്തം പുരപ്പുറത്ത് സ്ഥാപിക്കുമ്പോള്‍ അവയുടെ ഗുണനിലവാരവും, ഉത്പാദന ക്ഷമതയും, അതുമൂലം വൈദ്യുതി നിരക്കില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും, ലാഭനഷ്ടങ്ങളും കൃത്യമായി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

നാലു സോളാര്‍ പാനല്‍ വച്ചാല്‍ വീട് മുഴുവന്‍ AC യും ഹീറ്ററും വയ്ക്കാമെന്നും സ്വിച്ചുകള്‍ ഓഫ് ചെയ്യേണ്ട കാര്യമില്ലെന്നും കരുതുന്നവരാണ് ഭൂരിഭാഗം പേരും. അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അജ്ജാതി തള്ളുകളാണ് പുരപ്പുര സോളാര്‍ കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. സോളാര്‍ സ്ഥാപിച്ചിട്ട് ഉദ്ദേശിച്ച ഫലം ലഭിക്കാതെ ഇളിഭ്യരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കെ.എസ്.ഇ.ബിയെ പോലെയുള്ള മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിനെ കരിതേച്ചു കാണിക്കാമെന്ന് കരുതരുത്. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ സോളാര്‍ നിലയം സ്ഥാപിച്ചത് മൂലം നിങ്ങള്‍ക്ക് സംഭവിച്ച അമളിയുടെ ചമ്മല്‍ കെ.എസ്.ഇ.ബിയുടെ മേല്‍ ചാരാന്‍ ശ്രമിക്കരുത്.

ശ്രീലേഖ മാഡത്തിന്റെ സോളാര്‍ ബില്ലിനെ സംബന്ധിച്ച് നിരവധി ആള്‍ക്കാരും കെ.എസ്.ഇ.ബിയും വ്യക്തമായ വിശദീകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍, മാഡത്തിന് അത് മനസ്സിലായിട്ടില്ല എന്നാണ് ഇന്നത്തെ പോസ്റ്റില്‍ നിന്നും മനസ്സിലാക്കുന്നത്. ഓഫ് ഗ്രിഡിനെക്കുറിച്ച് ഇന്നത്തെ പോസ്റ്റില്‍ അവര്‍ ഒന്നും പറയുന്നില്ല. തെറ്റ് മനസ്സിലായിക്കാണും. മാഡത്തിന്റെ ബില്ലില്‍ മൂന്ന് ടൈം സോണുകളിലായിട്ട് എത്ര യൂണിറ്റ് വൈദ്യുതി ഗ്രിഡില്‍ നിന്നും വലിച്ചിട്ടുണ്ട് എന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ടൈം സോണ്‍ 1 ല്‍ (രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെ)399 യൂണിറ്റും, പീക്ക് സമയത്ത് (വൈകിട്ട് 6 മണി മുതല്‍ രാത്രി 10 മണി വരെ) 247 യൂണിറ്റും. ഓഫ് പീക്ക് സമയത്ത് (രാത്രി 10 മുതല്‍ രാവിലെ 6 വരെ) 636 യൂണിറ്റ് ഉള്‍പ്പെടെ മൊത്തം 1282 യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡില്‍ നിന്നും മാഡം ഉപയോഗിക്കുകയുണ്ടായി.

ബില്ലില്‍ അടുത്ത ലൈനില്‍ കാണുന്ന എക്‌സ്‌പോര്‍ട്ട് 290 യൂണിറ്റാണ്. മാഡത്തിന്റെ വൈദ്യുതി ഉത്പാദനം 5 കിലോ വാട്ട് സോളാര്‍ പ്ലാന്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം 557 യൂണിറ്റാണ്. അതില്‍ 290 യൂണിറ്റ് വൈദ്യുതിയാണ് ഗ്രിഡ്ഡിലേക്ക് തന്നിരിക്കുന്നത്. ബാക്കി മാഡം സ്വയം ഉപയോഗിച്ചു. ഈ കാര്യം മാഡത്തിന് സമ്മതിക്കാന്‍ ബുദ്ധിമുട്ടുള്ളതായി മനസ്സിലാക്കുന്നു. അതിന് തെളിവില്ല എന്നാണ് മാഡം പറയുന്നത്. കെ.എസ്.ഇ.ബിയിലെ മീറ്റര്‍ റീഡര്‍ പറയുന്നതല്ലാതെ മറ്റൊരു തെളിവും ഇല്ലത്രെ. മാഡത്തിന്റെ വീട്ടിലാണ് ഈ മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു നെറ്റ് മീറ്ററും (ഇമ്പോര്‍ട്ട് & എക്‌സ്‌പോര്‍ട്ട് അളക്കാന്‍) ഒരു സോളാര്‍ ജനറേഷന്‍ കണക്കാക്കുന്ന മീറ്ററും സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ റീഡിങ് നമുക്ക് തന്നെ സ്വയം പരിശോധിച്ചു ബോധ്യമാക്കാന്‍ സാധിക്കുന്നതും ആണ്.

1282 യൂണിറ്റ് ഗ്രിഡില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്‌തെങ്കിലും, അതില്‍ നിന്നും 290 യൂണിറ്റ് കുറച്ച് 992 യൂണിറ്റിനാണ് ബില്ല് തയ്യാറാക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ ശ്രീലേഖ മാഡത്തിന്റെ ബില്ലില്‍ യാതൊരു തെറ്റും ഇല്ല. മാഡത്തിന്റെ ഇന്നത്തെ FB പോസ്റ്റിലെ വാചകമാണ്: ‘1300 യൂണിറ്റില്‍ 16 രൂപ എത്ര യൂണിറ്റിന്, 8 രൂപ എത്ര യൂണിറ്റിന്, 5 രൂപ എത്ര യൂണിറ്റിന് എന്നൊക്കെ. ഇതൊക്കെ തീരുമാനിക്കുന്നത് മീറ്റര്‍ reading ന് വരുന്ന പയ്യനാണ്.” തീര്‍ത്തും ബാലിശമായ പ്രസ്താവന ആയതിനാല്‍ മറുപടി അര്‍ഹിക്കുന്നില്ല. മാഡത്തിന്റെ വീട്ടില്‍ റീഡിംഗ് എടുത്തത് സബ് എഞ്ചിനീയര്‍ ആണ്.

ടൈം സോണിലെ റീഡിംഗ് അനുസരിച്ച് സ്‌പോട്ട് ബില്ലിംഗ് മഷീനില്‍ എന്റര്‍ ചെയ്യുമ്പോള്‍ ഉപഭോഗം അട്ടോമാറ്റിക് ആയി കണ്ടെത്തി, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച നിരക്കില്‍ ബില്‍ തരും. ഇത് സാധാരണക്കാര്‍ക്കെല്ലാം അറിവുള്ളതാണ്. കെ.എസ്.ഇ.ബിയുടെ ബില്ലില്‍ തെറ്റുകള്‍ ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരെയോ, റെഗുലേറ്ററി കമ്മീഷനെയോ മറ്റ് ഏജന്‍സികളെയോ സമീപിച്ച് ഈ പരാതി കൊടുക്കാവുന്നതാണ്.

സ്വന്തം ബില്‍ സംബന്ധമായി പഠിക്കാതെ, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബിയെ പൊതുജന മധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കരുതെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. ശ്രീലേഖ ഐപി.എസിന് കെ.എസ്.ഇബിയിലെ ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍ വി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്തായാലും കറണ്ട് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഷോക്കടിക്കുമെന്ന് ഐടി.എസിന് മനസ്സിലായി. പക്ഷെ, ഒരു സംശയം, സോളാര്‍ വഴി ഉത്പാദിപ്പിച്ച ശ്രീലേഖാ മാഡത്തിന്റെ കറണ്ട് എങ്ങോട്ടു പോയി. അഥ് കണ്ടു പിടിക്കുക തന്നെ വേണം.