ന്യൂഡൽഹി: മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷാ. ഇതിനെ ചൊല്ലി പാർട്ടിയിൽ ആശയ കുഴപ്പമില്ല. 75 വയസിൽ ഒഴിയണമെന്ന് പാർട്ടി ഭരണഘടനയില്ലെന്നും ഷായുടെ മറുപടി നൽകി. വാർത്താസമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തെ മാറ്റില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണിതെന്നും ഷാ പറഞ്ഞു.
‘അരവിന്ദ് കെജ്രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബി.ജെ.പിയുടെ ഭരണഘടനയിൽ അത്തരത്തിൽ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയിൽ അത്തരത്തിൽ യാതൊരു ആശങ്കയും നിലനിൽക്കുന്നില്ല’ അമിത് ഷാ പറഞ്ഞു.
2014-ൽ പ്രധാനമന്ത്രി മോദി തന്നെ 75 വയസ്സിന് ശേഷം ബിജെപി നേതാക്കൾ വിരമിക്കുമെന്ന് ഒരു നിയമം ഉണ്ടാക്കി. അടുത്ത വർഷം സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. ഇപ്പോൾ അമിത് ഷായ്ക്ക് വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നും കെജ്രിവാൾ ചോദിച്ചിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗി ആദിത്യനാഥിനെ മാറ്റുമെന്ന ആരോപണവും അദ്ദേഹം തള്ളി.