ന്യൂഡല്‍ഹി: പോളിങ് ശതമാനം വൈകുന്നതിലെ തെരഞ്ഞെടുപ്പ് കമീഷന്റെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇൻഡ്യാ സഖ്യത്തിലെ നേതാക്കൾക്ക് താൻ അയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രതികരണം അത്ഭുതപ്പെടുത്തുന്നു. കമ്മീഷന്റെ മറുപടി ഭീഷണിപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു.
ഭരണകക്ഷി നേതാക്കൾ നടത്തുന്ന വിദ്വേഷപ്രസ്താവനകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടരുന്ന മൗനം ദുരൂഹം. ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കമ്മീഷന്‍ മറുപടി നല്‍കിയില്ല. വർഗീയ പ്രസ്താവനകളുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഖാർഗെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി. പോളിങ് ശതമാനം കമ്മീഷന്‍ പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളനുഭവിക്കുന്ന സമ്മര്‍ദം തനിക്ക് മനസിലാവും. ചോദിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നുവെന്ന് പറയുന്ന കമ്മിഷന്‍, മറുവശത്ത് ജാഗ്രതപാലിക്കണമെന്ന ഉപദേശരൂപത്തില്‍ പൗരന്മാരെ ഭീഷണിപ്പെടുത്തുന്നു. ഭരണഘടനയനുസരിച്ച് സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ അധികാരമുണ്ടെന്ന് കമ്മിഷന്‍ മനസിലാക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കും വിധം ഭരണകക്ഷിനേതാക്കള്‍ നടത്തുന്ന നഗ്നമായ വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കമ്മിഷന്‍ കാണിക്കുന്ന താത്പര്യക്കുറവ് ദുരൂഹമായി തുടരുന്നുവെന്നും കത്തില്‍ കുറ്റപ്പെടത്തുന്നു.
തിരഞ്ഞെടുപ്പുവേളയില്‍ തെറ്റായ രാഷ്ട്രീയ ആഖ്യാനത്തിനാണ് ഖാര്‍ഗെ ശ്രമിച്ചതെന്നും ഇത്തരം ആരോപണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും കമ്മിഷന്‍ ഖാര്‍ഗെയ്ക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും അന്തിമ വോട്ടിങ് ശതമാനം വൈകുന്നതില്‍ ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കമ്മിഷനുനേരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ശതമാനം വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഖാര്‍ഗെ ഇന്ത്യ മുന്നണി നേതാക്കള്‍ക്കയച്ച കത്തില്‍ ചരിത്രത്തിലെ ഏറ്റവുംമോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് വിമര്‍ശിച്ചിരുന്നു.