Sports

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ അയല്‍ക്കാരന്റെ പരാതി, രാത്രി സമയത്ത് വീട്ടില്‍ ഇരിക്കാന്‍ പറ്റുന്നില്ലെന്ന് ആരോപണം

മുംബയ്: കളത്തിനകത്തും പുറത്തും മാന്യമായ പെരുമാറ്റത്തിന് എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇപ്പോഴിതാ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് അയല്‍ക്കാരന്‍. ബാന്ദ്രയിലുള്ള സച്ചിന്റെ വീട്ടില്‍ നിന്ന് രാത്രികാലങ്ങളില്‍ അസഹനീയമായ ഒച്ചപ്പാടുണ്ടാകുന്നുവെന്നാണ് ദിലീപ് ഡിസൂസയെന്നയാളുടെ പരാതി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

രാത്രി കാലങ്ങളില്‍ സച്ചിന്റെ വീടിന് മുന്നില്‍ സിമന്റ് കുഴയ്ക്കുന്ന യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നുവെന്നും ഇതില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നുമാണ് ദിലീപ് ഉന്നയിക്കുന്ന പരാതി. മാന്യമായും ന്യായമായുമുള്ള സമയത്ത് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സച്ചിന്‍ ഇടപെട്ട് നിര്‍ദേശിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം .പ്രിയപ്പെട്ട സച്ചിന്‍, സമയം രാത്രി 9 മണിയായെന്നും ബാന്ദ്രയിലെ വീടിന് മുന്നില്‍ സിമെന്റ് മിക്‌സെര്‍ പ്രവര്‍ത്തിക്കുകയാണെന്നും അത് വലിയ ശബ്ദമുണ്ടാക്കുകയാണെന്നും ദിലീപ് എക്‌സില്‍ കുറിച്ചു.

പണിക്കാരോട് ന്യായമായ സമയത്ത് ജോലി ചെയ്യാന്‍ പറയാമോയെന്നും എക്‌സില്‍ ചോദിക്കുന്നുണ്ട്.അതേസമയം ദിലീപിന്റെ കുറിപ്പില്‍ പൊങ്കാലയിടുകയാണ് ക്രിക്കറ്റ് ദൈവത്തിന്റെ ആരാധകര്‍. വെറുതെ ആളാകാനും പ്രശ്‌സതനാകാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പ്രശ്‌നത്തിന് പരിഹാരമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പൊലീസില്‍ പരാതി പറയണമെന്നും പത്ത് മണിവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും ആരാധകര്‍ പോസ്റ്റിന് താഴെ പ്രതികരിച്ചു.