ഓരോ കാൽ ചുവടിലും മരണം പതിയിരിക്കുന്ന , മുന്നോട്ട് നീങ്ങുന്ന ഓരോ നിമിഷവും എന്താണ് സംഭവിക്കുന്നതെന്നറിയാത്ത , ആത്മാക്കൾ അലറി വിളിക്കുന്ന ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന ദ്വീപ്. അതാണ് പോവെഗ്ലിയ. ഈ ഭൂമിയുടെ അമ്പത് ശതമാനത്തോളം ശവശരീരങ്ങൾ നീറഞ്ഞവയാണ് . കൂട്ടമരണ കുഴികൾ മുതൽ ദുരൂഹത നിറഞ്ഞ മനുഷ്യ തിരോധാനം വരെ ഇവിടെ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് .
ഇറ്റലിയുടെ കീഴിലുള്ള ഈ ദ്വീപ് ക്രൂരതയുടെയും പടുമരണങ്ങളുടെയും തെളിവായാണ് നിലനിൽക്കുന്നത് . ഇവിടെ പ്രേതസാന്നിധ്യമുണ്ടെന്നാണ് തദ്ദേശീയരാൽ വിശ്വസിക്കപ്പെടുന്നത് .പതിനെട്ട് ഏക്കർ വരുന്ന ഒരു ചെറിയ ദ്വീപാണ് പോവെഗ്ലിയ . ഇറ്റലിയിലെ വെനീസിനും ലിഡോയ്ക്കുമിടയിൽ, മെഡിറ്ററേനിയൻ കടലിനെ തൊട്ടു കിടക്കുന്ന വെനീഷ്യൻ കായലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊല്ലപ്പെട്ട 160,000 ത്തോളം ആത്മാക്കൾ അവിടെ വസിക്കുന്നതായാണ് തദ്ദേശീയർ വിശ്വസിക്കുന്നത് .ദ്വീപിന്‌റെ ഈ പ്രത്യേകതകൾ പരിഗണിച്ച് അങ്ങോട്ടുള്ള പ്രവേശനം പൊതുജനങ്ങൾക്ക് ഇറ്റാലിയൻ സർക്കാർ വിലക്കിയിട്ടുണ്ട്
421 എഡി മുതൽ ദ്വീപിനെക്കുറിച്ചുള്ള ചരിത്രം ലഭ്യമാണ്. അവിടെ താമസിച്ചവർ പോവഗ്ലിയോട്ടി എന്ന് അറിയപ്പെട്ടു. ഇറ്റലിയിലെ സജീവമായ ഒരു സാമ്പത്തിക, വാണിജ്യകേന്ദ്രമായിരുന്നു പഴയകാലത്ത് ദ്വീപ്. എന്നാൽ 1378 മുതൽ 81 വരെ വെനീസും മറ്റൊരു ഇറ്റാലിയൻ പ്രവിശ്യയായ ജെനോവയും തമ്മിൽ വലിയ ഒരു യുദ്ധം നടന്നു. ഈ സമയത്ത് വെനീസിലെ സർക്കാർ, തങ്ങളുടെ അധീനതയിലായിരുന്ന പോവെഗ്ലിയയിലെ ആളുകളെ താൽക്കാലികമായി വെനീസിലേക്കു മാറ്റിപ്പാർപ്പിച്ചു. യുദ്ധം താമസിയാതെ അവസാനിച്ചെങ്കിലും പോവഗ്ലെിയയിൽ നിന്നു പോയവരിൽ ഭൂരിഭാഗവും ഇങ്ങോട്ട് തിരിച്ചു വന്നില്ല. ദ്വീപ് ഉപേക്ഷിക്കപ്പെട്ട നിലയിലായി. പോവെഗ്ലിയയുടെ കഥ ആരംഭിക്കുന്നത് നൂറ്റാണ്ടുകൾക്ക് മുൻപാണ്. അന്നുവരെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ മഹാമാരികളിലൊന്ന് ഇറ്റലിയെയും വിശിഷ്യാ വെനീസിനെയും കടന്നാക്രമിച്ചു. ബ്യൂബോണിക് പ്ലേഗ് എന്ന മാരകമായ രോഗത്തിൽ നിന്ന്. കറുത്ത മരണം യൂറോപ്പിനെ വിനാശകരമായി ബാധിച്ചു, വെനീഷ്യക്കാർ നിരാശാജനകമായ അവസ്ഥയിലായി.
വെനീസ് വ്യവസായ കേന്ദ്രമായതിനാൽ അവിടെ രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. അതിനു പരിഹാരമായി രോഗം ബാധിച്ചവരെ സമൂഹത്തിൽ നിന്നു മാറ്റി രോഗത്തിന്റെ പകർച്ചയുടെ വേഗം കുറയ്ക്കുക എന്നതായിരുന്നു വെനീസിലെ അധികൃതരുടെ മുന്നിലുള്ള വഴി.വരുന്ന കപ്പലുകൾ നാൽപത് ദിവസത്തേക്ക് തടഞ്ഞുവയ്ക്കാനും പരിശോധിക്കാനും പോവെഗ്ലിയയെ തിരഞ്ഞെടുത്തു. ഇന്നത്തെ ക്വാറന്റൈയിൻ തന്നെ, ക്വാറന്റ എന്നതിന്റെ ഉത്ഭവം ഇറ്റാലിയൻ ഭാഷയിൽ നിന്നാണ് , അർത്ഥം നാൽപത് . എന്തായാലും ഇത്തരത്തിൽ ആളുകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഏത് ഇടം വേണമെന്ന് അധികമൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല, പോവെഗ്ലിയ ഇങ്ങനെ ആൾപ്പാർപ്പില്ലാതെ കിടക്കുകയാണ്. അവിടേക്കു തന്നെ രോഗികളെ മാറ്റാൻ അധികൃതർ തീരുമാനിച്ചു.
പോവെഗ്ലിയയിലേക്കു കൊണ്ടുപോകുന്നു എന്നു പറഞ്ഞാൽ മരിക്കാനുളള വിധിയായി എന്നായിരുന്നു വെനീസിലെ വിശ്വാസം. ചെറിയ രീതിയിലെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ഇങ്ങോട്ട് ബലമായി എത്തിച്ചു. ഇവരിൽ പലർക്കും പ്ലേഗ് ഉണ്ടായിരുന്നില്ല. എന്നാൽ ദ്വീപിൽ വന്നതിനു ശേഷം ഇവരും രോഗികളായി . മരിക്കാതെ ശേഷിച്ചവർ കൂട്ടക്കുഴിമാടത്തിലേക്ക് വലിച്ചെറിയപ്പെട്ടു . പലപ്പോഴും രോഗികൾ മരിച്ചുവെന്ന് തെറ്റിദ്ധരിച്ചു, രോഗബാധിതരായവരെയും ജീവനോടെ കുഴിച്ചിട്ടു .ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾക്ക് തീയിട്ടു, ചിലരെ ജീവനോടെ കത്തിച്ചു. ഒരു വഴിയിൽ പോവെഗ്ലിയയിലേക്ക് അയയ്ക്കുന്നത് വധശിക്ഷയാണെന്നും വിശ്വാസമുണ്ടായി . തീ ശരീരത്തെ ആക്രമിച്ചപ്പോൾ ബോധം കൈവരിച്ചെഴുന്നേറ്റ് നിലവിളിച്ച ഇവരുടെ ആർത്തനാദങ്ങൾ നിസ്സഹായതയിൽ ഒടുങ്ങി. പോവെഗ്ലിയയിലെ മണ്ണിന്റെ അൻപതു ശതമാനത്തോളം അന്നു മരിച്ചവരുടെ ശവത്തിന്റെ ചാരമാണെന്നാണ് ചില ഇറ്റലിക്കാർ പറയുന്നത്.
1630ൽ വെനീസിൽ വീണ്ടും പ്ലേഗിന്‌റെ ആക്രമണമുണ്ടായി. അന്നും രോഗബാധയേറ്റവരെ പോവെഗ്ലിയയിലേക്കാണ് കൊണ്ടുപോയത്. മൂന്നു നൂറ്റാണ്ട് മുൻപ് നടന്ന കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു. 1814 വരെ പോവെഗ്ലിയ ഒരു ഒറ്റപ്പെടൽ കേന്ദ്രമായി തുടർന്നു, അപ്പോഴേക്കും നെപ്പോളിയൻ വെനീസ് കീഴടക്കിയിരുന്നു. നെപ്പോളിയൻ യുദ്ധകാലത്ത് ദ്വീപിൽ ആയുധങ്ങൾ സൂക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ ഈ വിവരം ചോർന്നത് ദ്വീപിൽ യുദ്ധങ്ങളിലേക്കും കൂടുതൽ രക്തച്ചൊരിച്ചിലിലേക്കും നയിച്ചു.
1922ൽ ദ്വീപിൽ ‘റിപ്പാർട്ടോ സൈക്യാട്രിയ’ എന്നു പേരായ ഒരു മാനസികാശുപത്രി തൂടങ്ങീ . ക്രൂരതയുടെ മറ്റൊരു അധ്യായമായിരുന്നു ഈ ആശുപത്രി.ഇവിടെയെത്തിക്കുന്ന രോഗികളിൽ വിവിധ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു ആശുപത്രിയുടെ ചീഫ് ഡോക്ടറുടെ ലക്ഷ്യം.
ഒരു പക്ഷെ രോഗികളേക്കാൾ മാനസിക നില തെറ്റിയ ഡോക്ടറായിരുന്നു അവിടെ ഉണ്ടായിരുന്നത് . ലോബോട്ടമി തുടങ്ങിയ ശസ്ത്രക്രിയകൾ രോഗികളുടെ മേൽ നടത്തി. വളരെ പ്രാചീനമായ രീതികൾ ഉപയോഗിച്ചുള്ള ഈ ശസ്ത്രക്രിയകളിലും മറ്റും രോഗികൾ വളരെ വേദനയനുഭവിച്ചിരുന്നു. ചില രോഗികൾ പണ്ട് പ്ലേഗ് ബാധിച്ചവരുടെ ആത്മാക്കളെ കണ്ടെന്നും അവർ നിലവിളിക്കുന്നതു കേട്ടെന്നുമൊക്കെ പറഞ്ഞ് ബഹളം കൂട്ടി . ഒടുവിൽ ആശുപത്രിയുടെ ഉടമസ്ഥനായ ചീഫ് ഡോക്ടർ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ആ മരണത്തോടെ ആശുപത്രി അടച്ചുപൂട്ടി. പോവോഗ്ലിയയും പിന്നീട് ആൾപാർപ്പില്ലാതായി. 1968ൽ സർക്കാർ ദ്വീപ് പൂർണമായും അടച്ചു.
കുറച്ചു വർഷങ്ങൾക്കു മുൻപ് റിപ്പാർട്ടോ സൈക്യാട്രിയ പുതുക്കി പണിയാൻ ഒരു ശ്രമമുണ്ടായിരുന്നു. എന്നാൽ ഇതിനു കരാറെടുത്ത കൺസ്ട്രക്ഷൻ കമ്പനി, പണി ഇടയ്ക്കു വച്ച് ഉപേക്ഷിച്ചു പിൻവാങ്ങി. വ്യക്തമായ കാരണങ്ങളൊന്നും അവർ അധികൃതർക്കു നൽകിയില്ല. വിനോദസഞ്ചാരികൾക്കൊന്നും ഇവിടെ പ്രവേശനം ലഭിക്കില്ല. ചില ഡോക്യുമെന്ററി സംവിധായകർക്കു മാത്രമാണ് ഉപാധികളോടെ വെനീസ് അധികൃതർ മുൻപ് ഇവിടെ പ്രവേശനം അനുവദിച്ചത്. ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ദ്വീപിൽ ഇനിയും പോകാൻ തോന്നുന്നുണ്ടെങ്കിൽ പോകൂ , നിങ്ങളെയും കാത്ത് ഒട്ടേറെ ആത്മാക്കൾ അവിടെയുണ്ടാകും