തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കരമന പൊലീസ് ഇയാളെ പിടികൂടിയത്. അഖിലിനെ കൊലപ്പെടുത്താൻ എത്തിയ ഇന്നോവ വാഹനം ഓടിച്ചത് അനീഷ് ആയിരുന്നു.
അഖിലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വിനീത്, അനീഷ്, അപ്പു, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്.
പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാടകയ്‌ക്കെടുത്ത ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞത്തുനിന്നാണ് കാർ വാടകയ്‌ക്കെടുത്തത്. പ്രതികൾ ലഹരി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം ലഹരി ഉപയോഗിക്കുന്ന സംഘമാണെന്നും പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന കിരൺ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ അനന്തു വധക്കേസ് പ്രതികളെന്നു വ്യക്തമായിട്ടുണ്ട്. ബാറിലെ തർക്കത്തിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികൾ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. പ്രതികളെ വേഗം പിടികൂടണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. അതേസമയം കൊലരപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. എതിർ സംഘത്തിലെ ആളുകളെ അഖിൽ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടർന്നുണ്ടായ വൈരാഗ്യം മൂലം എതിർസംഘത്തിൽപ്പെട്ടയാളുകൾ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട അഖിൽ. വീടിനുള്ളിൽ ആളുകളുള്ള സമയത്താണ് ആക്രമണം നടന്നത്. എന്നാൽ, ആരും സംഭവം നേരിൽ കണ്ടിട്ടില്ല. മുൻപ് പ്രതികളുമായി പ്രശ്‌നമുണ്ടായിരുന്നെന്നും വീടിനു തൊട്ടടുത്ത് കെട്ടിടനിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നതെന്നും ബന്ധുക്കൾ പറഞ്ഞു.