കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. ഹജ്ജ് തീർഥാടകർക്ക് മെനിംഗോകോക്കൽ വാക്‌സിൻ നിർബന്ധമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിൻ, മസ്തിഷ്‌ക രോഗത്തിനെതിരെയുള്ള വാക്സിൻ, സീസനൽ ഫ്‌ലൂ വാക്സിൻ എന്നിവയാണ് ഹജ്ജിന് പോകുന്നവർക്കായി നൽകുന്നത്. സ്വദേശികളും വിദേശികളടക്കമുള്ളവർ ആവശ്യമായ വാക്‌സിനുകൾ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
രാജ്യത്തിനുള്ളിൽ നൽകുന്ന എല്ലാ വാക്സിനുകളും സൗദി ആരോഗ്യ മന്ത്രാലയം നൽകുന്ന അംഗീകൃത ലിസ്റ്റ് പാലിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുമ്പോൾ സൗദി ആരോഗ്യ അധികൃതർ നൽകുന്ന പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഹജ്ജ് വാക്‌സിനേഷൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.