UAE

ഒമാൻ സുൽത്താൻ യുഎഇയിൽ : 25,000 കോടിയുടെ പദ്ധതിക്ക് തുടക്കം

ദുബായ്: യുഎഇയിൽ നിന്നും ഒമാനിലേക്കുള്ള റെയിൽവെ ശൃംഖല പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവരാണ് ഒമാനി-എമിറാത്തി റെയിൽ പദ്ധതിയുടെ കരാറിൽ ഒപ്പിട്ടത്. ഒമാൻ സുൽത്താൻ ഹയിത്താം ബിൻ തരിക് യുഎഇ സന്ദർശനത്തിനെത്തിയതിന് പിന്നാലെയാണ് കരാർ ഒപ്പുവച്ചത്.

ഷെയർഹോൾഡർ കരാറിൽ ഒപ്പുവെക്കുന്ന സമയത്ത് ഡെവലപ്‌മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

ആകെ 3 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ആവശ്യമുള്ള സംയുക്ത റെയിൽവേ ശൃംഖല, യുഎഇയെയും ഒമാനെയും പ്രാദേശിക വിപണികളിലേക്കുള്ള തുറന്ന വാതിലുകളായി പ്രവർത്തിക്കുമെന്ന് കമ്പനികൾ അറിയിച്ചു. പുതിയ പദ്ധതിയിലൂടെ രണ്ട് രാജ്യങ്ങളിലെയും വിവിധ മേഖലയിൽ വമ്പിച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും. ഇതോടൊപ്പം ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കാനുള്ള സാദ്ധ്യത ഏറെയാണ്.