ദോഹ: ഓട്ടോമേറ്റഡ് സ്മാർട്ട് പാർക്കിങ് സംവിധാനം ഖത്തറിലേക്കും വരുന്നു. 600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുള്ള സമുച്ചയമാണ് ദോഹയിൽ ഒരുങ്ങുന്നത്. നഗരത്തിരക്കിൽ ടെൻഷനില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരിടം. വൻ നഗരങ്ങളിലെ ഏറ്റവും വലിയ ഈ വെല്ലുവിളിക്ക് പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് ഖത്തർ. ഗതാഗത മേഖലയിൽ നടപ്പിലാക്കുന്ന നവീകരണങ്ങളുടെ ഭാഗമായാണ് സ്മാർട്ട് ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനം വരുന്നത്.
പ്രാദേശിക പത്രമായ അൽറായയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദോഹയിലെ ഹമദ് സ്ട്രീറ്റിൽ നിർമാണത്തിലുള്ള കെട്ടിടത്തിലാണ് ആധുനിക പാർക്കിങ് സംവിധാനം ഒരുക്കുക. 5000 ത്തിലേറെ ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിൽ 600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
കെട്ടിടത്തിൽ തന്നെ ഷോപ്പുകളും ഒഫീസുകളും പ്രവർത്തിക്കാനുള്ള സൗകര്യവുമുണ്ടാകും. പാർക്ക് ചെയ്യാനുള്ള വാഹനം നിർദിഷ്ട സ്ഥലത്ത് എഞ്ചിൻ ഓഫ് ചെയ്ത് വെക്കണം.ഒഴിവുള്ള ഇടത്ത് ലിഫ്റ്റിന്റെ സഹായത്തോടെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യും. ഖത്തർ ഗതാഗത മാസ്റ്റർ പ്ലാൻ 2050ന്റെ ഭാഗമായാണ് ഓട്ടോമേറ്റഡ് പാർക്കിങ് ഒരുക്കുന്നത്.