മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന അല്ലാഹുവിന്റെ അതിഥികളായ ഹാജിമാർക്ക് ആവശ്യമായ സേവനങൾ ചെയ്യുന്നതിന് മക്ക ഐ.സി.എഫ് & ആർ.എസ്.സി സംയുക്ത വളണ്ടിയർ കോർ (HVC) രുപീകരിച്ചു. പുണ്യഭൂമിയിലെത്തുന്ന ഹാജിമാർക്ക് രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തിൽ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന സംഘമാണ് ഐ.സി.എഫ് & ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോർ.
ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദേശപ്രകാരം ഇന്ത്യൻ ഹാജിമാർക്ക് പുറമെ വിവിധങ്ങളായ രാഷ്ട്രങ്ങളിൽ നിന്നുമെത്തുന്ന എല്ലാ ഹാജിമാർക്കും HVC വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയിൽ എത്തുന്നത് മുതൽ വളണ്ടിയർ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി മസ്ജിദുൽ ഹറം പരിസരം, മഹ്ബസ് ജിന്ന് ബസ് സ്റ്റേഷൻ , ഖുദൈ ബസ് സ്റ്റേഷൻ അറഫ, മിന, മെട്രൊ ട്രെയിൻ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലും ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയ, ഹയ്യ് നസീം തുടങ്ങി എല്ലാ സ്ഥലങ്ങളിലും ലഭ്യമാക്കാറുണ്ട്. ബഹു ഭാഷാ പ്രവീണ്യം നേടിയ വളണ്ടിയർമ്മാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകർ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.