തിരുവനന്തപുരം: കരമനയിലെ അഖിലിന്റെ കൊലപാതകത്തിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശികളായ ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
അഖിലിനെ കൊലപ്പെടുത്താൻ എത്തിയ ഇന്നോവ വാഹനം ഓടിച്ച ഡ്രൈവർ അനീഷ് നേരത്തെ പിടികൂടിയിരുന്നു. ബലരാമപുരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. അഖിലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വിനീത്, അനീഷ്, അപ്പു, കിരൺ കൃഷ്ണ എന്നിവരാണ് പ്രതികൾ. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലി(22)നെ കൊലപ്പെടുത്തിയത്. അഖിലിനെ കൊലപ്പെടുത്തിയത് ക്രൂരമായാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ തെളിഞ്ഞു. കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചും ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞുമാണ് കൊല നടത്തിയെന്നാണ് ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു.
അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. ആക്രമണം മൂന്നുപേര്‍ സംഘം ചേര്‍ന്നാണ് നടത്തിയത്. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണനും സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. വിനീഷ്, അനീഷ് അപ്പു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. കിരണ്‍ കൃഷ്ണയാണ് ഇന്നോവ ഓടിച്ചത്. കഴിഞ്ഞയാഴ്ച ബാറില്‍ വെച്ച് അഖിലും ഒരു സംഘവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മത്സ്യ കച്ചവടം നടത്തിവന്നയാളാണ് അഖില്‍.