ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താനോ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ സംവാദത്തിൽ പങ്കെടുക്കുമെന്ന് രാഹുൽ പറഞ്ഞു. ഇത്തരം സംവാദങ്ങൾ തങ്ങളുടെ വീക്ഷണം മനസ്സിലാക്കാൻ ജനങ്ങളെ സഹായിക്കുമെന്നും രാഹുൽ പറഞ്ഞു. മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തിന് മറുപടി നൽകുകയായിരുന്നു രാഹുൽ.
സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്‍. റാം എന്നിവര്‍ ചേര്‍ന്ന് നേരത്തെ ഇരുവരേയും പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. ഈ സംവാദത്തിന് സമ്മതമെന്നുകാണിച്ചാണ് രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്.
സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റല്‍പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ജനങ്ങളുമായി പങ്കുവെച്ചത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തില്‍നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും രാഹുല്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
സംവാദത്തിന്റെ വേദി, സമയം, മോഡറേറ്റര്‍, ഫോര്‍മാറ്റ് എന്നിവ ഇരുഭാഗത്തിനും സ്വീകാര്യമായ തരത്തിലാവാമെന്ന് നിര്‍ദേശിക്കുന്ന പൊതു സംവാദത്തിനുള്ള പൗരപ്രമുഖരുടെ ക്ഷണക്കത്തില്‍, നേതാക്കള്‍ക്ക് നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ സംവാദത്തിന് പ്രതിനിധികളെ അയക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനോടൊക്കെ താന്‍ അനുകൂലിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവാദത്തിന് തയ്യാറായാല്‍ തന്നെ അറിയിക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു. ഏതെങ്കിലും കാരണവശാല്‍ തനിക്ക് സംവാദത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തപക്ഷം കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തനിക്ക് പകരം സംവാദത്തില്‍ പങ്കെടുക്കുമെന്നും രാഹുല്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് വിവിധ മേഖലകളിൽ ജോലി സേവനമനുഷ്ഠിച്ചവരെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടിയാണ് സംവാദത്തിന് ക്ഷണിക്കുന്നതെന്നാണ് കത്തിൽ മദൻ ബി ലോകുർ, അജിത് പി ഷാ, എൻ റാം എന്നിവർ കുറിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓരോ പൗരനും വേണ്ടിയാണ് ഈ കത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്ന് ഘട്ടങ്ങൾ കഴിഞ്ഞിരിക്കെ ഇരു നേതാക്കളും ഭരണഘടനാ ജനാധിപത്യത്തിൻ്റെ കാതൽ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടി.
സംവരണം, ആർട്ടിക്കിൾ 370, സമ്പത്ത് വിതരണം എന്നിവയിൽ പ്രധാനമന്ത്രി കോൺഗ്രസിനെ പരസ്യമായി വെല്ലുവിളിച്ചു. ഭരണഘടനയെ വികലമാക്കൽ, ഇലക്ടറൽ ബോണ്ട് പദ്ധതികൾ, ചൈനയോടുള്ള സർക്കാരിൻ്റെ പ്രതികരണം എന്നിവയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിച്ചു. അദ്ദേഹം മോദിയെ പൊതു സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കത്തെന്നും ഇവർ വ്യക്തമാക്കി.
തെറ്റായ വിവരങ്ങൾ പ്രചരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും സാധ്യതയുള്ള സൈബർ ലോകത്താണ് നാം ജീവിക്കുന്നത്. അതിനാൽ, വോട്ടിങ്ങിലൂടെ ആരെ തിരഞ്ഞെടുക്കണമെന്ന് കൃത്യമായി തീരുമാനിക്കാൻ പൗരനെ പ്രാപ്തമാക്കാനും സംവാദം സഹായിക്കുമെന്ന് മൂവരും പറയുന്നു. ഇരു നേതാക്കളുടെയും സൗകര്യാനുസരണം വേദി, തീയതി എന്നിവ തീരുമാനിക്കാമെന്നും പറഞ്ഞാണ് മദൻ ബി ലോകുർ, അജിത് പി ഷാ, എൻ റാം എന്നിവർ കത്ത് അവസാനിപ്പിക്കുന്നത്.