ന്യൂഡൽഹി: കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ റിഷഭ് പന്തിന് വിലക്ക് ഏർപ്പെടുത്തിയതിനാൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ബംഗളൂരുവിന് എതിരായ മത്സരത്തിൽ അക്സര്‍ പട്ടേല്‍ നയിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീമിന്റെ ഉപനായകനാണ് അക്സര്‍ പട്ടേല്‍. അദേഹം വളരെ പരിചസമ്പന്നനായ ഐപിഎല്‍ താരമാണെന്നും ഏറെ പരിചയമുള്ള രാജ്യാന്തര കളിക്കാരനാണെന്നും മുഖ്യ പരിശീലകന് റിക്കി പോണ്ടിംഗ് പറഞ്ഞു.
രാജസ്ഥാന് റോയല്‍സിനെതിരായ പോരാട്ടത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പന്തിന് ഐപിഎൽ ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനൊപ്പം പന്ത് 30 ലക്ഷം പിഴയുമൊടുക്കണം. ടീം അംഗങ്ങള്‍ 12 ലക്ഷം രൂപ വീതം പിഴയൊടുക്കണം.
ഐ പി എല്‍ വ്യവസ്ഥ പ്രകാരം, ആദ്യ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കാണെങ്കില്‍ ക്യാപ്റ്റനില്‍ നിന്ന് 12 ലക്ഷം രൂപയാണ് പിഴ ഈടാക്കുക. രണ്ടാം തവണയും ഇതാവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കും. മൂന്നാം തവണയും ഇങ്ങനെ സംഭവിച്ചാല്‍ പിഴ കൂടാതെ വിലക്കും ഏര്‍പ്പെടുത്തും.
ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റിഷഭ് പന്തിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തിയതായി പ്രസ്താവനയിലൂടെയാണ് ബി സി സി ഐ അറിയിച്ചത്. ടീം നിലവില്‍ അഞ്ചാം സ്ഥാനത്താണ്.