തിരുവനന്തപുരം : പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ വരെ, അവശ്യ മരുന്നുകൾക്ക് ക്ഷാമം കാരണം നട്ടം തിരിഞ്ഞ് ജനം. മുമ്പ് മരുന്നെത്തിച്ചിരുന്ന കമ്പനികൾക്ക് കോടികണക്കിന് രൂപ സർക്കാർ കൊടുക്കാനുള്ളതാണ് പ്രധാന കാരണം. ഇതിനെ തുടർന്ന് കിലോമീറ്ററുകളോളം നടന്ന് മരുന്ന് വാങ്ങാനെത്തുന്ന സാധാരണക്കാരായ രോഗികളോട് മെഡിക്കൽ ഷോപ് ജീവനക്കാർ കൈ മലർത്തുന്ന സാഹചര്യമാണ് ഉള്ളത്.
പ്രമേഹത്തിനുള്ള മെറ്റ്ഫോർമിൻ, ഗ്ലിനിപ്രൈഡ്, തൈറോയ്ഡിനുള്ള തൈറോക്‌സിൻ സോഡിയം, കൊളസ്ട്രോളിനുള്ള അറ്റോർവസാറ്റിൻ തുടങ്ങിയവയ്ക്കുള്ള ഗുളികകളും അയൺ,കാത്സ്യം ഗുളികകൾക്കുമാണ് ഏറെ ക്ഷാമം. പൊതുവായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അമോക്‌സിസിലിൻ ഉൾപ്പെടെയുള്ളവയും കിട്ടാനില്ല.
ഇൻസുലിനുള്ള മരുന്നും മിക്ക താലൂക്ക്, ജനറൽ ആശുപത്രികളിലും സ്റ്റോക്കില്ല. ഓരോ സാമ്പത്തിക വർഷവും ആവശ്യമുള്ളവ മുൻകൂട്ടി ഇന്റന്റ് തയ്യാറാക്കിയാണ് കെ.എം.എസ്.സി.എൽ വഴി മരുന്നുവാങ്ങി ആശുപത്രികൾക്ക് നൽകുന്നത്. ഈ വർഷത്തേക്ക് ആവശ്യമുള്ള മരുന്നിന്റെ ഇന്റന്റ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആശുപത്രികളിൽ നിന്ന് വാങ്ങിയിരുന്നു. അതനുസരിച്ച് മാർച്ച് അവസാനത്തോടെ സ്റ്റോക്ക് എത്തണം. അതു നടപ്പായില്ല.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മരുന്നു ക്ഷാമം രൂപപ്പെട്ടിരുന്നു. സാമ്പത്തിക വർഷം അവസാനമായതാണ് മരുന്നില്ലാത്തതിനു കാരണമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. മാർച്ചും ഏപ്രിലും കഴിഞ്ഞ് മേയ് പകുതി ആകുമ്പോഴും മരുന്നില്ല. പതിവായി കഴിക്കുന്നവ വാങ്ങാൻ രണ്ടാഴ്ചയിലൊരിക്കൽ ആശുപത്രികളിലെത്തുന്ന വൃദ്ധരുൾപ്പെടെ ലക്ഷക്കണക്കിന് രോഗികളുണ്ട്. കാശില്ലാത്തതിനാൽ പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നുവാങ്ങാൻ കഴിയാതെ ഇവർ നെടുവീർപ്പിടുകയാണ്.