തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മഴ പെയ്തിരുന്നു. കാസർഗോഡ്, എറണാകുളം, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലും പരക്കെ മഴ പെയ്തു.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസം പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.