Thiruvananthapuram

വാരിക്കുഴിയും, കൊലപാതകങ്ങളും: തലസ്ഥാന നഗരം വ്രണമാകുന്നു

അനന്ദുവിനെയും അഖിലിനെയും അവര്‍ കൊന്നു

തലസ്ഥാന നഗരത്തില്‍ സമാധാനമായി ജീവിക്കാനാകുമോ ?. ഇതാണ് ഓരോ നഗരവാസികളും ചോദിക്കുന്ന സംശയം. ഭയന്നിട്ട് റോഡിലിറങ്ങാന്‍ കഴിയുന്നില്ല. ഒന്നുകില്‍ ഗുണ്ടാ ആക്രമണത്തില്‍ ജീവന്‍ പോകും. അല്ലെങ്കില്‍ റോഡിലെ കുഴിയില്‍ വീണ് കാറ്റുപോകും. രണ്ടായാലും ജീവന്‍ പോകുമെന്നുറപ്പാണ്. ഇന്നലെ കരമനയില്‍ പട്ടാപ്പകല്‍ നടന്ന കൊലപാതകം അത്രയേറെ ഭയപ്പെടുത്തുന്നുണ്ട്. കുഴി നിറഞ്ഞ റോഡുകള്‍ നഗര ജീവിതം അതിലേറെ ദുസ്സഹമാക്കുന്നു. ഗുണ്ടകളെ പേടിച്ച് വേഗത്തില്‍ വീട്ടിലെത്താമെന്നു കരുതിയാല്‍ വാരിക്കുഴികളില്‍ വീണ് മരിച്ചേക്കാം.

ഇങ്ങനെ തലങ്ങും വിലങ്ങും ജീവന്‍ അപഹരിക്കുന്ന നഗരമായി മാറിയ തിരുവനന്തപുരത്തിന്റെ നാഥ, മേയര്‍ ആര്യാ രാജേന്ദ്രന്‍ പോലും ഇപ്പോള്‍ കേസിന്റെ വഴിയിലാണ്. എന്താണ് നഗരത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ചോദിച്ചാല്‍, അത് കുറ്റപ്പെടുത്തിയതാണോ എന്ന് മറുചോദ്യം ഉന്നയിക്കുക എന്നതാണ് ശൈലി. അതുകൊണ്ട് ജീവനും കൈയ്യില്‍ പിടിച്ച് വീട്ടില്‍ തന്നെ കഴിയേണ്ട സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങള്‍. ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാക്കിയ ഗുണ്ടകള്‍, പുറത്തിറങ്ങുന്നതു തന്നെ കൊല നടത്താന്‍ വേണ്ടിയാണ്. അതും മൃഗീയമായി.

കരമനയില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊടും ക്രിമിനലുകള്‍. 2019ല്‍ അനന്തു ഗിരീഷെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം അഖിലെന്ന യുവാവിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് നഗരവാസികളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖിലിനെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കരമന മരുതൂര്‍ കടവില്‍ നടുറോഡില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏപ്രില്‍ 25ന് പാപ്പനംകോട്ടെ ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. സമാനമായ രീതിയില്‍ ക്രൂരമായി ആക്രമിച്ചായിരുന്നു 2019ല്‍ നടന്ന അനന്തു ഗീരീഷ് കൊലപാതകവും. അന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.

2019 മാര്‍ച്ചിലാണ് അനന്തു കൊല്ലപ്പെടുന്നത്, ഇതിനും കാരണമായത് മുന്‍ വൈരാഗ്യമായിരുന്നു. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ അനന്ദുവിനെ തട്ടിക്കൊണ്ട് വന്ന് കാടുപിടിച്ച സ്ഥലത്ത് എത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. റോഡരികിലെ ഒരു ബേക്കറിയില്‍ നില്‍ക്കുകയായിരുന്ന അനന്തുവിനെ ഇയാളുടെ തന്നെ ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഒരുദിവസം മുഴുവന്‍ പീഡിപ്പിച്ചായിരുന്നു ക്രൂര കൊലപാതകം.

ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കാടുപിടിച്ച സ്ഥലത്ത് കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉണ്ടായിരുന്നത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയില്‍ ചേര്‍ത്തുവച്ച മര്‍ദ്ദിച്ചുവെന്നാണ് കുറ്റപത്രം വിശദമാക്കിയത്. വിഷ്ണുരാജ്, ഹരിലാല്‍, വിനീത് കൃഷ്ണ, അനീഷ്, അഖില്‍, വിജയരാജ്, ശരത് കുമാര്‍, മുഹമ്മദ് റോഷന്‍, സുമേഷ്, അരുണ്‍ ബാബു, അഭിലാഷ്, റാം കാര്‍ത്തിക, വിപിന്‍ രാജ് എന്നിവരായിരുന്നു അനന്തു വധക്കേസിലെ പ്രതികള്‍. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വിഷ്ണുരാജ്, വിജയരാജ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസടക്കം ഉണ്ട്. അനന്തു കൊലപാതക കേസില്‍ വിചാരണ നീണ്ടതിനാലാണ് പ്രതികള്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയത്. ഇതിനിടെയിലാണ് കരമനയില്‍ യുവാവിനെ കൊലപ്പെടുത്തുന്നത്. അഖില്‍ വധക്കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനീഷ് രാജ്, അഖില്‍, സുമേഷ്, അനീഷ് എന്നിവരെ കൂടി ഇനി പിടികൂടാനുണ്ട്.

Latest News