കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച കുവൈത്തിലെത്തും. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒമാൻ ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും ചർച്ച ചെയ്യും. പ്രാദേശിക അന്തർദേശീയ വിഷയങ്ങളും ചർച്ചയാകും. വിവിധ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും.
ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ലഫ്റ്റനൻറ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്പെഷൽ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി പ്രസിഡൻറ് അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ്, കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ. സലേഹ് ബിൻ അമർ അൽ ഖറൂസി എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്.