Gulf

ഇനി വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താന്‍ സൗകര്യം

വിദേശ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ഐസിഐസിഐ ബാങ്കിന്റെ എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്ക് വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ യുപിഐ പേയ്‌മെന്റ് നടത്താം. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടിലൂടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂട്ടിലിറ്റി ബില്ലുകള്‍, വ്യാപാര, ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്താനാകും. ബാങ്കിന്റെ മൊബൈൽ ആപ് ഐ മൊബൈൽ പേയിലൂടെ ഈ സേവനം ലഭിക്കും. നാഷനൽ പേയ്മെന്റ്സ് കോർപറേഷന്റെ (എൻപിസിഐ) പേയ്മെന്റ് ഗേറ്റ്‌വേയിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

യുഎസ്, യുകെ, യുഎഇ, കാനഡ, സിംഗപ്പൂർ, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി എന്നീ 10 രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്. ഏതെങ്കിലും ഇന്ത്യന്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്‍റുകള്‍ നടത്താം.10 രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് അവരുടെ ഫോൺ ഇന്ത്യൻ നമ്പറിലേക്ക് മാറാതെ തന്നെ യുപിഐ ഉപയോഗിക്കാമെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽസ് ആൻഡ് പാർട്‌നർഷിപ്സ് മേധാവി സിദ്ധാർഥ മിശ്ര പറഞ്ഞു.