തിരുവനന്തപുരം: ആർഎംപി നേതാവ് കെ.എസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്‌ഐ. സ്ത്രീവിരുദ്ധ പരാമർശത്തിൽ ലൈംഗിക അധിക്ഷേപത്തിനുൾപ്പടെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് പരാതി നൽകിയത്.
പരാമർശത്തിൽ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ ക്ഷമ ചോദിച്ചതു കൊണ്ടോ കാര്യമില്ലെന്ന് തന്നെയാണ് ഡിവൈഎഫ്‌ഐയുടെ നിലപാട്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അധിക്ഷേപം, ഐടി ആക്ട് ഉൾപ്പടെ ചുമത്തണമെന്നാണ് ഡിവൈഎഫ്‌ഐ പരാതിയിൽ പറയുന്നത്. സ്ത്രീകളെയൊന്നാകെ അപമാനിക്കുന്ന പരാമർശമാണ് ഹരിഹരൻ നടത്തിയതെന്നും വിഷയത്തിൽ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും ഡിവൈഎഫ്‌ഐ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
വടകരയിൽ നടന്ന, ‘സിപിഎം വർഗീയതയ്‌ക്കെതിരെ നാടൊരുമിക്കണം’ എന്ന ജനകീയ പ്രതിഷേധത്തിൽ സംസാരിക്കവേയാണ് ആർഎംപി കേന്ദ്രകമ്മിറ്റി അംഗം കെഎസ് ഹരിഹരൻ വിവാദ പ്രസ്താവന നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദത്തോട്, “ടീച്ചറുടെ പോർണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നും മഞ്ജു വാര്യരുടെ പോർണോ വീഡിയോ ആണെന്ന് കേട്ടാൽ മനസ്സിലാകും” എന്നുമായിരുന്നു ഹരിഹരന്റെ പ്രതികരണം.
സംഭവം വിവാദമായതോടെ കെകെ രമ ഉൾപ്പടെയുള്ള ആർഎംപി നേതാക്കൾ ഹരിഹരനെ തള്ളി രംഗത്തെത്തി. ഹരിഹരന്റെ പരാമർശം തീർത്തും തെറ്റാണെന്നും ഒരു സ്ത്രീയ്‌ക്കെതിരെയും ആരുടെ ഭാഗത്ത് നിന്നും മോശമായ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നുമായിരുന്നു കെകെ രമയുടെ നിലപാട്. ഹരിഹരന്റെ പരാമർശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. പ്രസംഗത്തിൽ മാത്രമല്ല, സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പ്രതികരണം.