ന്യൂഡല്‍ഹി: തെരുവുകളിലെങ്ങും ആസാദി മുദ്രാവാക്യങ്ങള്‍. സ്വാതന്ത്ര്യമാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രകനങ്ങളും. ഇതിനെ സര്‍വശക്തിയുമപയോഗിച്ച് അടിച്ചര്‍ത്തുന്ന അധികാരികള്‍. ഒരിടവേളയ്ക്ക് ശേഷം വലിയ സംഘര്‍ഷത്തിന്റെ വക്കിലാണ് പാക്കധീന കശ്മീര്‍. പ്രത്യേകിച്ച് മുസഫറാബാദ്. അനിയന്ത്രിതമായ വിലക്കയറ്റം, ഉയര്‍ന്ന നികുതി, വൈദ്യുതി ക്ഷാമം എന്നിവ രൂക്ഷമായതോടെയാണ് മുസഫറാബാദില്‍ ജനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തെരുവിലേക്കിറങ്ങിയത്. വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും ഓഫീസുകളുമെല്ലാം അടഞ്ഞ്കിടക്കുകയാണ്.
ശനിയാഴ്ചത്തെ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനും പ്രദേശവാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരുമായും പോലീസുകാരും സമരക്കാരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധിപ്പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മുസഫറാബാദിന് പുറമെ മിര്‍പുര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്. ജമ്മു ആന്‍ഡ് കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും വ്യാപാരികളുമാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. ഇതോടെ വ്യാപര സ്ഥാപനങ്ങള്‍ അടച്ചിടുന്ന അവസ്ഥയിലേക്കെത്തി. വലിയ ഗതാഗതക്കുരുക്കാണ് മേഖലയിലെങ്ങുമുള്ളത്.
സമാധാനപരമായി സമരം ചെയ്തവര്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ വലിയ സമരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്ന് ജമ്മു ആന്‍ഡ് കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി അംഗവും മുസഫറാബാദ് ട്രേഡേഴ്‌സ് അസ്സോസിയേഷന്‍ ചെയര്‍മാനുമായ സൗകത് നവാസ് മിര്‍ പ്രതികരിച്ചു. അവകാശ സംരക്ഷണത്തിനായി നടക്കുന്ന പോരാട്ടത്തിന് എല്ലാവരുമിറങ്ങണമെന്നും സൗകത് ആവശ്യപ്പെട്ടു. പാകിസ്താനില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് സൗകത് പുറത്തുവിട്ട വീഡിയോ സന്ദേശം വലിയ തോതില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.