കോൽക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. തെരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പല പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു.
തൃണമൂല്‍ എം.എല്‍.എ സുകുമാര്‍ മേഹ്ത്തയുടെ സഹായി തതന് ഗയാന്‍ ആക്രമിക്കപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത്. ടിഎംസി സർക്കാർ തങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ തൃണമൂല്‍ സര്‍ക്കാര്‍ വ്യാജക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സന്ദേശ്ഖാലിയില്‍ ഞായറാഴ്ച ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വനിതാ പ്രവര്‍ത്തകരാണ് എം.എല്‍.എയുടെ സഹായിയെ പ്രധാനമായും മര്‍ദിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഷയം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് തതന് ഗയാന്‍ മര്‍ദനമേറ്റത്.
സന്ദേശ് ഖാലി വിഷയത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. സ്ത്രീകളെ ഷാജഹാൻ ഷെയ്ക്കിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നതായി പ്രധാനമന്ത്രി ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനെതിരേ ഭൂമി തട്ടിപ്പും ലൈംഗിക അതിക്രമ ആരോപണവും വന്നതോടെയായിരുന്നു സന്ദേശ്ഖാലി വിവാദത്തിലായത്. ഷെയ്ഖ് ഷാജഹാനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പീഡന വിവാദം കെട്ടിച്ചമച്ചതാണെന്നും ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരാതിക്കാരി കേസ് ഫയല്‍ ചെയ്തതെന്നും പറഞ്ഞുകൊണ്ട് പ്രാദേശിക ബി.ജെ.പി നേതാവിന്റെ വീഡിയോ പുറത്തുവന്നിരുന്നു.