കൊല്‍ക്കത്ത: പാര്‍ട്ടിയുടെ രാജകുമാരന്റെ പ്രായത്തേക്കാള്‍ കുറവ് സീറ്റ് മാത്രമേ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേടാനാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെയാണ് മോദിയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയ്ക്ക് ഇപ്പോള്‍ 53 ആണ് പ്രായം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ കീഴില്‍ ബംഗാളിലെ ഹിന്ദുക്കള്‍ രണ്ടാംകിടപൗരരായി മാറിയതായും മോദി ഉള്ള കാലത്തോളം ഒരാള്‍ക്കും പൗരത്വനിയമഭേദഗതി റദ്ദാക്കാനാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമഭേദഗതി (സിഎഎ) നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മമത ബാനർജിയുടെ ഭരണത്തിനു കീഴിൽ സംസ്ഥാനത്ത് നുഴഞ്ഞുകയറ്റക്കാർ അരങ്ങുവാഴുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മതത്തിന്റെ പേരിൽ സംവരണം അനുവദിക്കില്ലെന്നും മോദി പറഞ്ഞു. പട്ടിക ജാതി-പട്ടിക വർഗ പിന്നാക്ക സംവരണത്തിൽ തൊടില്ല. രാമ നവമി ആഘോഷിക്കുന്നതിൽനിന്ന് ആരും നിങ്ങളെ തടയില്ല. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി റദ്ദാക്കില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് മോദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ലൈംഗികാതിക്രമ ആരോപണണങ്ങള്‍ പ്രചരിച്ചതോടെ സന്ദേശ്ഖാലിയിലെ പീഡനത്തിനിരകളായ സ്ത്രീകളെ പാര്‍ട്ടിയുടെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
തൃണമൂല്‍ നേതാക്കള്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കാനായി സന്ദേശ്ഖാലിയിലെ ഒരു ബി.ജെ.പി. നേതാവ് സ്ത്രീകളില്‍ നിന്ന് ശൂന്യമായ കടലാസില്‍ ഒപ്പിട്ടുവാങ്ങുന്നതായി അവകാശപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ ദൃശ്യം പ്രചരിക്കുന്നതിനിടെയാണ് പീഡനത്തിനിരയായവരെ തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുന്നതായുള്ള മോദിയുടെ ആരോപണം. തൃണമൂല്‍ ഭരണത്തിന്‍കീഴില്‍ ബംഗാള്‍ അഴിമതിയുടെ കേന്ദ്രമായെന്നും ബോംബ് നിര്‍മാണത്തിന്റെ കുടില്‍വ്യവസായ കേന്ദ്രമായെന്നും മോദി ആരോപിച്ചു.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മാത്രമല്ല പ്രതിപക്ഷത്തിരുന്നുപോലും തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നു ചെയ്യാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിനോ ഇടതുപക്ഷത്തിനോ സര്‍ക്കാരുണ്ടാക്കാന്‍ സാധ്യമല്ലെന്നും ബി.ജെ.പി. നേതൃത്വം നല്കുന്ന എന്‍.ഡി.എ. സഖ്യത്തിന് മാത്രമേ സ്ഥിരതയുള്ളതും ശക്തവുമായ സര്ക്കാരുണ്ടാക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.