തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ആറ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട് കണ്ണൂർ എന്നി ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം കനത്തമഴ ലഭിക്കുന്നുണ്ട്.
നാളെ (13-5-2024) പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 14-ാം തീയതി തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലർട്ട്.
12-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ
13-05-2024: പത്തനംതിട്ട, ഇടുക്കി
14-05-2024: തിരുവനന്തപുരം, പത്തനംതിട്ട
15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
16-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.