ദുബൈ: ഇ-ഗെയിമർമാർക്ക് ദീർഘകാല വിസ നൽകി ദുബൈ. കഴിവുള്ള വ്യക്തികൾ, ക്രിയേറ്റേഴ്‌സ്, ഇ-ഗെയിമിംഗ് മേഖലയിലെ വിദഗ്ധർ എന്നിവർക്കായാണ് ദുബൈ ഗെയിമിംഗ് വിസ ആരംഭിച്ചിരിക്കുന്നത്. ഗോൾഡൻ വിസയ്ക്ക് സമാനമാണ് ദുബൈ കൾച്ചറിന് കീഴിലുള്ള ഗെയിമിംഗ് വിസ. 10 വർഷമാണ് ഈ വിസയുടെ സാധുത.
നൂതന ആശയങ്ങൾ വിജയകരമായ പ്രൊജക്ടാക്കി മാറ്റാൻ സഹായിക്കുന്ന നിരവധി നിക്ഷേപ അവസരങ്ങൾ നൽകുന്നതിന് പുറമെ, അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്നതാണ് ദുബൈ ഗെയിമിംഗ് വിസയെന്നും സംരംഭകർ, നിക്ഷേപകർ, ഗെയിം ഡെവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ തുടങ്ങിയവരുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ എമിറേറ്റിന്റെ ആകർഷണം വർധിപ്പിക്കുന്നതിന് സംഭാവന നൽകുമെന്നും ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബൈ കൾച്ചർ) ഡയറക്ടർ ജനറൽ ഹാല ബദ്‌രി പറഞ്ഞു. 2026ഓടെ ആഗോള ഹബ്ബായി മാറുന്നതിന്റെ ഭാഗമായി ചിന്തകർ, ഉയർന്ന വൈദഗ്ധ്യമുള്ള വ്യക്തികൾ തുടങ്ങിയവരെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ദുബൈ തുടരുകയാണെന്നും ബദ്‌രി പറഞ്ഞു.