കൊച്ചി: മൂവാറ്റുപുഴയില്‍ ഒൻപത് പേരെ കടിച്ച നായ ചത്തു. നഗരസഭാ കോമ്പൌണ്ടില്‍ ഇരുമ്പ് കൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായയാണ് ചത്തത്. നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയത്തിനിടെയാണ് ജീവി ചത്തത്.
കുട്ടികള്‍ അടക്കമുള്ളവർക്കാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്
വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ നായയുടെ ആക്രമണമുണ്ടായത്. മദ്രസയില്‍ പോയി വരുകയായിരുന്ന കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരേയാണ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതി (22) ക്കും കടിയേറ്റു. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് ഈസ്റ്റ് വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23) ന് നായയുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പുളിഞ്ചുവട് ഭാഗത്ത് ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാര്‍ (60)നെയും പട്ടികടിച്ചു. പുളിഞ്ചുവട് പാലക്കാട്ട് പുത്തന്‍പുരയില്‍ നിയാസിന്റെ മകള്‍ നിഹ (12) യെ വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ആക്രമിക്കുകയായിരുന്നു. പറമ്പില്‍ പണിയെടുക്കുകയായിരുന്ന അതിഥി തൊഴിലാളി കൊല്‍ക്കത്ത സ്വദേശി അബ്ദുള്‍ അലി (30) യുടെ വലത് കാലില്‍ നായ കടിച്ചു പറിച്ചു.
ഇതുകൂടാത നായ ആടിനേയും പശുവിനേയും ആക്രമിച്ചിരുന്നു. കടിയേറ്റവര്‍ക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. ആരോഗ്യ വിഭാഗം പരിക്കേറ്റവരില്‍ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്.