Sports

ചെപ്പോക്കിൽ വീണ് രാജസ്ഥാന്‍; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ചെന്നൈ

ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മലർത്തിയടിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ചെന്നൈ സൂപ്പർ കിംഗ്സ്. 5 വിക്കറ്റിനാണ് സിഎസ്കെയുടെ ജയം. റോയല്‍സിന്‍റെ 141 റണ്‍സ് ചെന്നൈ 18.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. തോറ്റങ്കിലും പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ളതിനാല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ തുടക്കം മോശമായിരുന്നു. യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും സഞ്ജു സാംസണും വേഗത്തിൽ പുറത്തായതോടെ സന്ദർശകർ നിശ്ചിത 20 ഓവറിൽ 141-5 എന്ന സ്‌കോറിലെത്താനേ കഴിഞ്ഞുള്ളൂ. ഓപ്പണർമാർ മടങ്ങുമ്പോൾ 8.1 ഓവറിൽ 49-2 എന്ന നിലയിലായിരുന്നു രാജസ്ഥാൻ റോയൽസ്. മൂന്നാം വിക്കറ്റിൽ റിയാൻ പരാഗിനൊപ്പം ടീമിനെ 100 കടത്തും മുമ്പേ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും മടങ്ങി.

15-ാം ഓവറിലെ രണ്ടാം പന്തിൽ സിമർജീത്തിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് സഞ്ജു സാംസൺ കൂടാരം കയറി. സിമറിൻറെ സ്ലോ ബോളിൽ അടി പിഴച്ചപ്പോൾ സഞ്ജു 19 പന്തുകളിൽ 15 റൺസുമായി മടങ്ങുകയായിരുന്നു. തുടർന്ന് റിയാൻ പരാഗും ധ്രുവ് ജൂറേയും ചേർന്നുള്ള 40 റൺസ് കൂട്ടുകെട്ടുമായി ടീമിന്റെ രക്ഷക്കെത്തിയത്. ചെന്നൈക്കായി പേസർമാരായ സിമർജീത് സിംഗ് നാലോവറിൽ 26 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി

മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പർ കിംഗ്സ് മോശമല്ലാത്ത തുടക്കം നേടി. ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ നങ്കൂരമിട്ട് കളിച്ച ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് സൂപ്പര്‍ കിങ്‌സിന്റെ വിജയശില്‍പി. 41 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഒരു ഫോറുമടക്കം 42 റണ്‍സോടെ പുറത്താകാതെ നിന്നു.

രചിന്‍ രവീന്ദ്ര (18 പന്തില്‍ 27), ഡാരില്‍ മിച്ചല്‍ (13 പന്തില്‍ 22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

മോയിന്‍ അലി (10), ശിവം ദുബെ (18), രവീന്ദ്ര ജഡേജ (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇതില്‍ ജഡേജ ഫീല്‍ഡ് തടസപ്പെടുത്തിയ കുറ്റത്തിന് പുറത്താക്കുകയായിരുന്നു. സമീര്‍ റിസ്വി 15 റണ്‍സോടെ പുറത്താകാതെ നിന്നു.

രാജസ്ഥാനു വേണ്ടി അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.