കോഴിക്കോട്: കോടഞ്ചേരിയിൽ ആശുപത്രിയിൽ വെച്ച് ഡോക്ടറെ ആക്രമിച്ച ആൾക്കെതിരെ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം, കയ്യേറ്റം ചെയ്യൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഡോക്ടർ സുസ്മിത്തിനെയാണ് ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രോഗി ഡോക്ടറെ അസഭ്യം പറയുന്നതും പിന്നീട് കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ രോഗിയാണ് അതിക്രമം കാണിച്ചത്. പ്രതി അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തനിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പരാക്രമം. മറ്റൊരു വനിതാ ഡോക്ടറോടും രോഗി മോശമായി പെരുമാറിയതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ ബഹളം വച്ചതോടെ സെക്യൂരിറ്റിയും ജീവനക്കാരും ചേർന്ന് ഇയാളെ പുറത്താക്കി. എന്നാൽ പുറത്ത് കാത്തിരുന്ന ഇയാൾ, കല്ലെടുത്ത് ഡോക്ടറുടെ തലയ്‌ക്കടിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്‌ടർ ഇയാളെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു.
കല്ലെടുത്ത് തലയ്ക്ക് അടിക്കാൻ നോക്കിയപ്പോള്‍ ആണ് സ്വയരക്ഷാർത്ഥം പിടിച്ചു തള്ളിയതെന്നും മർദനത്തിന് പുറമേ, കുടുംബത്തെ കത്തിച്ചു കളയും എന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടർ പറഞ്ഞു. ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജീവിതം കടന്നുപോകുന്നത് അപകട സാഹചര്യത്തിലൂടെയാണ്. ഇത്തരം തെറ്റായ പ്രവണതയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡോക്ടർ സുസ്മിത്ത് പറഞ്ഞു.