ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ വൈഎസ്ആർസിപി വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നാണ് ആളുകളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്.
വൈഎസ്ആർ കോൺഗ്രസിന്‍റെ പ്രാദേശിക പ്രവർത്തകരാണ് വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിച്ചത്. ക്ഷേത്രത്തിന് മുന്നിൽ കത്തിച്ചുവച്ച കർപൂരം സാക്ഷിയാക്കിയാണ് വോട്ടർമാരെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചത്. തന്റെയും തന്റെ കുടുംബത്തിന്റെയും വോട്ട് പണം വാങ്ങിയ പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുമെന്നായിരുന്നു സത്യവാചകം. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, മറ്റൊരു സ്ഥലത്ത് ഭരണകക്ഷിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് വിതരണം ചെയ്ത സാരിക്ക് ഗുണനിലവാരമില്ലെന്ന് കാട്ടി വോട്ടര്‍മാര്‍ തങ്ങള്‍ക്ക് കിട്ടിയ സാരികള്‍ വലിച്ചെറിയുന്ന വീഡിയോയും പുറത്തുവന്നു. ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ നല്‍കിയതായാണ് റിപ്പോര്‍ട്ട്.
വോട്ട് ചെയ്താല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന പണവും സമ്മാനങ്ങളും ചോദിച്ച് രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനോട് കയര്‍ക്കുന്ന വോട്ടര്‍മാരുടെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ ഏത് പാര്‍ട്ടിയുടെ പ്രതിനിധിയോടാണ് വോട്ടര്‍മാര്‍ കയര്‍ക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പല്‍നാട് ജില്ലയിലെ സത്തെനാപ്പള്ളിയില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിട്ടുളളത്.