Crime

ക്യാപ്‌സ്യൂൾ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരിൽ മൂന്നുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 887 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 63 ലക്ഷത്തിലധികം വില വരും. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മറ്റ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് മസ്‌കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ (ഡബ്ലു.വൈ 297) വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദ് (28) നെയാണ് 887 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തു വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്.

മുഹമ്മദ് കടത്തികൊണ്ടു വന്ന കടത്ത് സ്വര്‍ണം സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്ന കുറ്റ്യാടി സ്വദേശികളായ സജീര്‍ (32), അബൂ സാലിഹ് (36) എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേര്‍. ഇവര്‍ സഞ്ചരിച്ച താര്‍ വാഹനവും പ്രതിഫലമായി നല്‍കാന്‍ കരുതിയ 70,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.