കോഴിക്കോട്: ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു.
ഞായറാഴ്ച രാത്രി എട്ടേകാലോടെ ആയിരുന്നു സംഭവം. സ്ഫോടക വസ്തു ഗെയ്റ്റിൽ തട്ടി പൊട്ടിത്തെറിച്ചു. ബോംബാണ് എറിഞ്ഞതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബോംബ് അല്ലെന്നും പടക്കം പോലുള്ള സ്ഫോടക വസ്തുവാണിതെന്നുമാണ് പ്രാഥമിക പരിശോധനയിൽനിന്ന് മനസ്സിലായതെന്നു പൊലീസ് പറഞ്ഞു.
ബൈക്കിൽ എത്തിയവരാണു സ്ഫോടക വസ്തു എറിഞ്ഞത്. ഭീതിപരത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കരുതുന്നു. രണ്ട് പേർ വൈകിട്ട് വീടിന് സമീപത്തായി ബൈക്കിൽ ചുറ്റിത്തിരിഞ്ഞതായി റിപ്പോർട്ടുണ്ട്. പൊലീസെത്തി പരിശോധന നടത്തി. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പിന്നാലെ ഹരിഹരൻ ക്ഷമാപണം നടത്തി. കെ.കെ.രമയും ഷാഫി പറമ്പിലുമുൾപ്പെടെ ഹരിഹരനെ തള്ളിപ്പറഞ്ഞു. ഹരിഹരനെതിരെ സിപിഎം ശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് വീടിന് സമീപത്ത് സ്ഫോടനമുണ്ടായത്.
പ്രസ്താവനയില്‍ ഹരിഹരന്‍ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.