ദോഹ: ഗസ്സ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ വനിതകൾക്ക് ആദരവുമായി ഖത്തറിൽ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പങ്കെടുത്തു.
‘സുരക്ഷ എന്റെ അവകാശമാണ്’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടന്നത്. കര, വ്യോമ മാർഗങ്ങളിലൂടെ ഇസ്രായേൽ സൈന്യം നടത്തുന്ന നിഷ്ഠൂരമായ ആക്രമണങ്ങളുടെ പ്രധാന ഇരകളായ ഫലസ്തീൻ വനിതകളോടും കുട്ടികളോടുമുള്ള ഐക്യദാർഢ്യമായിരുന്നു സമ്മേളനം.ഫലസ്തീനികളുടെ ക്ഷമയും പരിശ്രമങ്ങളും ലോകത്തിന്റെ ചിന്തകളെ മാറ്റിമറിച്ചതായി ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ അൽ ഖാതർ ചൂണ്ടിക്കാട്ടി.
‘സുരക്ഷിതത്വം ഓരോ മനുഷ്യന്റെയും അവകാശമാണ്. മനുഷ്യത്വം നഷ്ടപ്പെട്ട, വികലമായ മനസ്സുള്ളവർ മാത്രമാണ് ഈ അവകാശങ്ങൾ ലംഘിക്കുന്നത്. ഫലസ്തീനി വനിതകളുടെ പോരാട്ട വീര്യത്തെയും ചെറുത്തു നിൽപിനെയും ലോകം ആദരിക്കുന്നതായി ലുൽവ അൽ ഖാതർ പറഞ്ഞു. യുദ്ധ മുഖത്ത് ധീരമായി പ്രവർത്തിച്ച ഫലസ്തീൻ വനിതകളുടെയും പ്രഫഷനലുകളുടെയും പ്രവർത്തനങ്ങളെ ഉദാഹരിച്ചാണ് മന്ത്രി സംസാരിച്ചത്.