തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില്‍ നിന്നാണ് ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്. അഖിൽ അപ്പു, വിനീത് രാജ്, സുമേഷ് എന്നിവരാണ് അഖിലിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികൾ. ഇവരിൽ അഖിൽ അപ്പുവും വിനീത് രാജും ഇന്ന് രാവിലെ പിടിയിലായിരുന്നു.
അഖിൽ എന്ന അപ്പുവിനെ ഇന്ന് രാവിലെയാണ് പിടികൂടുന്നത്. വിനീത് രാജിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അഖിലാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മർദിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്തവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിരൺ, ഹരിലാൽ, കിരൺ കൃഷ്ണ എന്നിവരാണ് പിടിയിലായിരിക്കുന്നത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. നാല് പ്രതികളാണ് കേസിലുള്ളത്.
ബാലരാമപുരത്ത് നിന്നാണ് ഡ്രൈവർ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ പ്രതികളിലേക്ക് എത്തിയത്. ഇവർ ഉൾപ്പെട്ട മറ്റ് കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താണ് അന്വേഷണം നടത്തിയത്. കിരൺ കൃഷ്ണ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.
വോട്ടെടുപ്പ് ദിനം പാപ്പനംകോട് ബാറിൽ വച്ചുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ പക വീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകൽ വീടിന് സമീപത്ത് വച്ച് അഖിലിനെ ക്രൂരമായി മർദ്ദിച്ച് കൊന്നത്. കിരൺ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം 2019ൽ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച അനന്തു വധക്കേസിലെ പ്രതികളാണ്.