ദോഹ: അബൂ സംറ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി മുൻകൂർ രജിസ്‌ട്രേഷൻ സേവനം ഉപയോഗപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം.നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനാണ് മുൻകൂർ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചത്. താമസക്കാർക്ക് പുറമേ സന്ദർശകർക്കും മുൻകൂർ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
അതിർത്തിയില്‍ സന്ദർശകർക്കും താമസക്കാർക്കും യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും സൗകര്യപ്രദമായി നടപടികള്‍ പൂർത്തിയാക്കുന്നതിനും നേരത്തേയുള്ള രജിസ്‌ട്രേഷൻ ഏറെ സഹായിക്കുമെന്നും അവർക്കായി പ്രത്യേക പാതകള്‍ സൗകര്യപ്പെടുത്തിയതായും എക്‌സില്‍ പ്രസിദ്ധീകരിച്ച വിഡിയോ സന്ദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കി. മറ്റുപാതകള്‍ സാധാരണപോലെ പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
പൗരന്മാർക്കും താമസക്കാർക്കും രജിസ്‌ട്രേഷൻ നടപടികള്‍ പൂർത്തിയാക്കാൻ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം. ട്രാവല്‍ സർവിസ് തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുമ്ബോള്‍ നടപടി പൂർത്തിയാക്കിക്കൊണ്ടുള്ള സന്ദേശം ലഭിക്കുകയും ചെയ്യും. സന്ദർശകർക്ക് ഹയ്യ പ്ലാറ്റ്‌ഫോം വഴിയാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുക. മുൻകൂർ രജിസ്റ്റർ ചെയ്ത വാഹനങ്ങള്‍ക്കും യാത്രക്കാർക്കും അതിർത്തിയിലെ നിയുക്ത പാതയിലേക്ക് പ്രവേശിക്കുകയും വേഗത്തില്‍ നടപടികള്‍ പൂർത്തിയാക്കി അതിർത്തി കടക്കുകയും ചെയ്യാം.