ബെംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സി െ47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്തെത്തി. ആര്‍സിബി ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.1 ഓവറില്‍ 140 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ ആർസിബി പോയിന്‍റ് പട്ടികയില്‍ ഏഴില്‍ നിന്ന് അഞ്ചാം സ്ഥാനത്തായി.
സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ബെംഗളൂരു രജത് പടിദാറിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലേക്കെത്തിയത്. 29 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സറും സഹിതം പടിദാർ 52 റൺസ് നേടി.
ഡൽഹിക്കെതിരെ ബാറ്റിങിനിറങ്ങിയ ബെംഗളൂരുവിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോർബോർഡിൽ 23 റൺസ് തെളിയുമ്പോഴേക്ക് നായകൻ ഫാഫ് ഡുപ്ലെസിസിനെ(6) നഷ്ടമായി. മുകേഷ് കുമാറിന്റെ ഓവറിൽ ഫ്രേസർ മക്ഗർക് പിടിച്ചാണ് പുറത്തായത്. തുടർന്ന് 36ൽ നിൽക്കെ മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയുടെ വിക്കറ്റും വീണു. 27 റൺസെടുത്ത കോഹ്‌ലിയെ ഇഷാന്ത് ശർമ അഭിഷേക് പരോളിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കാമറൂൺ ഗ്രീൻ-പടിദാർ കൂട്ടുകെട്ട് ടീമിന് പ്രതീക്ഷ നൽകി. അവസാന ഓവറുകളിൽ തകർത്തടിച്ച ഗ്രീൻ 24 പന്തിൽ 32 റൺസുമായി പുറത്താകാതെനിന്നു. കുൽദീപ് യാദവ് എറിഞ്ഞ 17ാം ഓവറിൽ മൂന്ന് സിക്‌സർ സഹിതം 22 റൺസാണ് ആർസിബി നേടിയത്. എന്നാൽ ഫിനിഷർമാരായ ദിനേശ് കാർത്തിക്(0), മഹിപാൽ ലോംറോർ(13) എന്നിവർ വേഗത്തിൽ പുറത്തായതോടെ 200 കടത്താനുള്ള ബെംഗളൂരുവിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടു. ഡൽഹിക്കായി റാസിക് സലിം, ഖലീൽ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ വീതം വീഴ്ത്തി.
ഡല്‍ഹിയുടെ മറുപടി ബാറ്റിംഗില്‍ ജാക്ക് ഫ്രേസർ ഒഴികെയുള്ള മുന്‍നിര ബാറ്റർമാർ പരാജയമായി. ഇംപാക്ട് സബ് ഡേവിഡ് വാർണർ 2 പന്തില്‍ 1 ഉം, വിക്കറ്റ് കീപ്പർ അഭിഷേക് പോരെലും കുമാർ കുഷാഗ്രയും 3 പന്തുകളില്‍ 2 വീതം റണ്‍സുമായി മടങ്ങിയപ്പോള്‍ വെടിക്കെട്ട് ബാറ്റിംഗിനിടെ ഫ്രേസർ (8 പന്തില്‍ 21) നിർഭാഗ്യം കൊണ്ട് റണ്ണൗട്ടായി. ഷായ് ഹോപിന്‍റെ സ്ട്രൈറ്റ് ഡ്രൈവില്‍ പേസർ യാഷ് ദയാലിന്‍റെ കൈയില്‍ കൊണ്ട് പന്ത് നോണ്‍സ്ട്രൈക്കറായ ഫ്രേസറുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. അലക്ഷ്യമായി ഷോട്ടടിച്ച് ഷായ് ഹോപ് (23 പന്തില്‍ 29) മടങ്ങിയപ്പോള്‍ ഇല്ലാത്ത റണ്ണിനായി ഓടിയ ട്രിസ്റ്റന്‍ സ്റ്റബ്സിനെ (4 പന്തില്‍ 3) ഗ്രീന്‍ റണ്ണൗട്ടാക്കിയത് നിർണായകമായി.
സ്റ്റബ്സും പോയതോടെ 11 ഓവറില്‍ 90-6 എന്ന നിലയില്‍ ഡല്‍ഹി പ്രതിരോധത്തിലായി. എന്നാല്‍ 30 പന്തില്‍ സിക്സോടെ ഫിഫ്റ്റി തികച്ച ക്യാപ്റ്റന്‍ അക്സർ പട്ടേല്‍ ഡല്‍ഹിക്കായി പൊരുതി. 15-ാം ഓവറില്‍ റാസിഖിനെ (12 പന്തില്‍ 10) മടക്കി ഗ്രീന്‍ അടുത്ത പ്രഹരവും ഡല്‍ഹിക്ക് സമ്മാനിച്ചു. ഒറ്റയ്ക്ക് പൊരുതിയ അക്സറിനെ 39 പന്തില്‍ 57 എടുത്ത് നില്‍ക്കേ യാഷ് ദയാല്‍ വീഴ്ത്തി. അവസാനക്കാരായി മുകേഷ് കുമാറും (7 പന്തില്‍ 3), കുല്‍ദീപ് യാദവ് (10 പന്തില്‍ 6) മടങ്ങിയതോടെ ഡല്‍ഹി ക്യാപ്റ്റല്‍സിന്‍റെ തോല്‍വി സമ്പൂർണമായി. ഇഷാന്ത് ശർമ്മ (0*) പുറത്താവാതെ നിന്നു.