Kerala

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ ഗുരുതര ആരോപണങ്ങളുമായി ബാലകൃഷ്ണന്‍ പെരിയ; പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

കാസർകോട്: കാസർകോട് മണ്ഡലം എംപിയും നിലവിലെ കോൺഗ്രസ് സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. ഒരു വിവാഹ സൽക്കാരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന് ചൂണ്ടി കാട്ടിയായിരുന്നു ബാലകൃഷ്ണൻ എഫ്ബിയിൽ വിമർശനം ഉന്നയിച്ചിരുന്നത്.

ഉണ്ണിത്താനുവേണ്ടി താൻ പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നുവെന്നും ഈ രാത്രി ഈ ഒറ്റ ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെപിസിസി സെക്രട്ടറി തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റാണ് ഇപ്പോൾ ബാലകൃഷ്ണൻ പിൻവലിച്ചത്.

പെരിയ ഇരട്ട കൊലപാതകക്കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. സംഭവത്തില്‍ നടപടി നേരിട്ടതോടെ ചടങ്ങില്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തുവെന്ന് പെരിയ കോണ്ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബാലകൃഷ്ണന്‍ പെരിയയെ ലക്ഷ്യമിട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്നായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഈ സഖ്യം പ്രവര്‍ത്തിച്ചെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇതോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെയുള്ള ബാലകൃഷ്ണന്‍ പെരിയയുടെ മറുപടി വന്നത്.

താൻ പാർട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ബാലകൃഷ്ണൻ തന്റെ പോസ്റ്റിൽ വിവരിച്ചിരുന്നു. ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരെയും തമ്മിൽ തല്ലിച്ചവനാണ് ഉണ്ണിത്താൻ എന്ന ആരോപണവും കുറിപ്പിലുണ്ടായിരുന്നു. പോസ്റ്റിന് പിന്നാലെ ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയായ ബാലകൃഷ്ണൻ പെരിയയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും നടന്നിരുന്നു. അതിന്റെ ഭാഗമായാണ് പോസ്റ്റ് പിൻവലിച്ചത് എന്നാണ് കരുതപ്പെടുന്നത്.