ടെഹ്റാന്: ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ ഭീഷണി ഇറാന്റെ നിലനില്പിനെ ബാധിക്കുമെന്നു കണ്ടാല്‍ ആണവായുധ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന് കമല്‍ ഖരാസി അറിയിച്ചു.
“ആണവായുധം നിർമ്മിക്കാനുള്ള ആലോചന ഞങ്ങൾക്കില്ല. പക്ഷേ ഇറാന്റെ നിലനിൽപ്പിന് ഭീഷണിയായാൽ നയങ്ങളിൽ മാറ്റം വരുത്തുകയല്ലാതെ മറ്റ് മാർഗമുണ്ടാകില്ല”, കമൽ ഖരാസി പറഞ്ഞു.
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ എംബസിക്കുനേരെ ഇസ്രായേല്‍ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയെന്ന നിലയില്‍ ഇസ്രായേലില്‍ ഇറാന് മിസൈലാക്രമണവും നടത്തിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായത്.
ആണവായുധ വികസനത്തിനെതിരെ അയത്തുള്ള ഖമേനിയുടെ ഫത്വ ഉണ്ടായിരുന്നിട്ടും, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദം ഇറാൻ്റെ ആണവനയം പുനർനിർണയിക്കാൻ കാരണമായേക്കുമെന്ന് 2021-ൽ ഇറാൻ്റെ അന്നത്തെ ഇൻ്റലിജൻസ് മന്ത്രി സൂചിപ്പിച്ചിരുന്നു.
അതേസമയം, ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) ഇറാന്റെ നിലപാടിനെതിരെ രംഗത്ത് വന്നു. ഐഎഇഎ പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പ്രകടമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഐഎഇഎ അറിയിച്ചു. ഇറാന്റെ സഹകരണമില്ലായ്മയില്‍ ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി നിരാശ പ്രകടിപ്പിച്ചു. ഇറാന്റെ ആണവനയവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.