മലപ്പുറം : മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നതിനിടെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. ചാലിയാറിലും, പോത്തുകല്ലിലുമാണ് യോഗം ചേരുന്നത്. മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുകയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു പേരാണ് മരിച്ചത്. വൈറൽ ഹെപ്പറ്റൈറ്റിസ് മൂലം കഴിഞ്ഞ 5 മാസത്തിനിടെ 8 മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്.
ഈ മേഖലയിലാണ് ഇന്ന് ഡിഎംഒയുടെ നേതൃത്വത്തിൽ ആദ്യ യോഗംചേരുന്നത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച സക്കീറിന്റെ വീട് സ്ഥിതി ചെയ്യുന്ന പോത്തുകല്ലിൽ ഉച്ചയ്ക്ക് ശേഷം യോഗം ചേരും. ഈ പ്രദേശങ്ങളിലൊക്കെ രോഗപ്രതിരോധ നടപടികൾ ഊർജ്ജതമാക്കുന്നതിന്റെയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം വിളിച്ചിരിക്കുന്നത്.