തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന് കീഴിലുള്ള സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയിൽ കാലാവധി കഴിഞ്ഞിട്ടും എംപാനൽ ജീവനക്കാർക്ക് മൂന്നുമാസത്തെ ശമ്പളമില്ല. സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് എന്നീ താൽക്കാലിക പാനലിൽ 115 പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്.
പാനൽ കാലാവധി കഴിഞ്ഞെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവർ ചെയ്ത എം.സി.എം.സി (മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് സെൽ) ജോലിക്കുള്ള വേതനവും നൽകിയിട്ടില്ല. മാസത്തിലെ ആകെ പ്രവൃത്തിദിനങ്ങളിൽ ജോലിക്ക് നിയോഗിക്കുന്ന ദിവസങ്ങളും സ്റ്റോറികളുടെ എണ്ണവും കണക്കാക്കിയാണ് പ്രതിഫലം.
മുഴുവൻ പ്രവൃത്തിദിനങ്ങളിലും ജോലി ചെയ്യുന്ന സബ് എഡിറ്റർക്ക് 21,780, കണ്ടന്റ് എഡിറ്റർക്ക് 17,940, ഇൻഫർമേഷൻ അസിസ്റ്റന്റിന് 16, 940 രൂപ എന്ന തോതിലായിരുന്നു പരമാവധി പ്രതിമാസ വേതനം. ഫെബ്രുവരി 21ന് ആരംഭിച്ച പുതിയ പാനലിന്റെ കാലാവധി 2024 മാർച്ച് 31ന് അവസാനിച്ചു. എന്നാൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. പാനൽ തുടക്കം മുതൽ ശമ്പള കുടിശ്ശിക ആവാറുണ്ടെങ്കിലും രണ്ടുമാസത്തിൽ ലഭ്യമാക്കിയിരുന്നു.