ശബരിമലയിലെ പ്രധാന പ്രസാദം എതെന്നു ചോദിച്ചാല്‍ കണ്ണടച്ചു പറയാം അത് അരവണയും ഉണ്ണിയപ്പവുമാണെന്ന്. ശബരിമലയുടെ മണ്ഡലമകരവിളക്ക് സീസണില്‍ അരവണയും അപ്പവും വില്‍പ്പനയിലൂടെ വന്‍ വരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വന്നു ചേരുന്നത്. പ്രതികൂല സാഹചര്യം നിറഞ്ഞ കഴിഞ്ഞ സീസണില്‍ മാത്രം നൂറ്റിനാല്‍പ്പത്തിയേഴ് കോടിയുടെ അരവണ വില്‍പ്പന നടന്നതായി ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ ഭക്തര്‍ക്കായി നല്‍കാനായി ഒരുക്കിയ അരവണയിലെ ഏലക്കയില്‍ വിഷാംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് വില്‍പ്പന നിറുത്തിയിരുന്നു. ആ വിധി സുപ്രീം കോടതി മാറ്റിയതോടെ ഇനി അരവണയില്‍ ഏലക്ക മധുരം തിരിച്ചെത്തും. അടുത്ത തീര്‍ത്ഥാടനകാലം മുതല്‍ അരവണയില്‍ ഏലക്ക ഉള്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
2023 ജനുവരി 11-ന് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് അരവണയും അപ്പം പ്രസാദവും തയ്യാറാക്കാന്‍ ടിഡിബി ഏലക്ക ഉപയോഗിക്കുന്നത് നിറുത്തിയത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) അംഗീകൃത ലാബ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശബരിമല ക്ഷേത്രത്തിലെ അരവണ പ്രസാദ വിതരണം നിറുത്തിയത്. ഉയര്‍ന്ന കീടനാശിനിയുടെ അളവ് കാരണം അരവണ തയ്യാറാക്കുന്നത് മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമല്ലായിരുന്നു വിധി.
ഇതേത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്, അനുകൂല വിധി ഇക്കഴിഞ്ഞ മാര്‍ച്ച് മാസം വന്നു. ശബരിമലയില്‍ അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതായിരുന്നില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിധ്യമില്ലെന്നും സ്ഥിരീകരണം വന്നുള്‍പ്പടെ ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് ഉന്നയിച്ച വാദങ്ങള്‍ സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു.
ഇനി ഏലക്ക സുഗന്ധവും
അരവണ പ്രസാദ നിര്‍മ്മാണ വിഷയത്തില്‍ സുപ്രീംകോടതി അനുകൂല വിധ വന്നതോടെ ഇനി അരവണയിലും ഉണ്ണിയപ്പത്തിലും ഏലക്ക ഉപയോഗിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. ജൈവ ഏലം സംഭരിക്കാന്‍ ദേവസ്വം ബോര്‍ഡ് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ചര്‍ച്ചകള്‍ നടത്തി. കോര്‍പ്പറേഷന്റെ ഉല്‍പന്നങ്ങള്‍ അരവണയുടെ മുഴുവന്‍ ഉത്പാദനം നിറവേറ്റാന്‍ പര്യാപ്തമല്ലെന്നിരിക്കെ, സാധാരണ ടെന്‍ഡര്‍ സമ്പ്രദായത്തിലൂടെ അധിക സംഭരണം നടത്താനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഏറ്റവും മികച്ച ജൈവ ഗുണനിലവാരം നിലനിര്‍ത്തുന്ന ഏലക്കയ്ക്കായിരിക്കും മുന്‍ഗണന. എഫ്എസ്എസ്എഐ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നുമായിരിക്കും ഏലക്ക വാങ്ങുക, ഇതിനു പുറമെ വിവിധയിനം ടെസ്റ്റുകള്‍ നടത്തി സാക്ഷ്യപ്പെടുത്തിയവയെ മാത്രമെ ഉപയോഗിക്കുകയുള്ളുവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
നഷ്ടം ഏഴ് കോടി
ഹൈക്കോടതി ഉത്തരവ് ഇറങ്ങുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഏഴ് കോടിയോളം വിലവരുന്ന 6.65 ലക്ഷം ടിന്‍ അരവണ ഉണ്ടായിരുന്നു. സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചപ്പോഴേക്കും സ്റ്റോക്ക് ഉപയോഗശൂന്യമായി. വില്‍പന തടഞ്ഞതിനെ തുടര്‍ന്ന് കെട്ടിക്കിടന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. നിലയ്ക്കലിലേക്കോ സൗകര്യപ്രദമായ സ്ഥലത്തേക്കോ എത്തിച്ചശേഷം ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ ബോര്‍ഡ് സ്വീകരിച്ചു വരുന്നുന്നത്. സ്റ്റോക്ക് നശിപ്പിക്കാന്‍ കസ്റ്റം-മെയ്ഡ് മെഷീന്‍ ഉപയോഗിക്കാന്‍ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ സംസ്‌ക്കരണം നടത്തുന്ന കമ്പനിയ്ക്കായിരിക്കും സംസ്‌ക്കരണ ചുമതല.
ലാബ് റിപ്പോര്‍ട്ട് പ്രകാരം ശേഖരിച്ച സാമ്പിളുകളില്‍ 14 കീടനാശിനികള്‍ പരമാവധി അവശിഷ്ട പരിധി (എംആര്‍എല്‍) കവിഞ്ഞതായി കണ്ടെത്തി. ഇവയില്‍, 14.04മില്ലിഗ്രാം ഡൈത്തോ കാര്‍ബണേറ്റ് കണ്ടെത്തി. അരവണ പ്രസാദം തയ്യാറാക്കാന്‍ ഏലം വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും ചേരുവകള്‍ 200 ഡിഗ്രിക്ക് മുകളിലുള്ള താപനിലയില്‍ ചൂടാക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.
അരവണ പ്രസാദത്തിന്റെ ഒരു കൂട്ടില്‍ അരവണ പ്രസാദത്തില്‍ അരവണ പ്രസാദത്തില്‍ 350 കിലോഗ്രാം വരുന്ന അരി, ശര്‍ക്കര, മുതലായ ചേരുവകള്‍ 720 ഗ്രാം മാത്രമാണെന്ന് കോടതി പറഞ്ഞു. അതിനാല്‍, എംആര്‍എല്‍ എന്ന കീടനാശിനിയില്‍ കൂടുതല്‍ വിതരണം ചെയ്യുന്ന ഏലം ഉപഭോഗത്തിന് സുരക്ഷിതമല്ല എന്നവാദം ശരിയല്ലന്ന് ബോര്‍ഡ് വാദിച്ചു. എന്നിരുന്നാലും, പൊതുജനാരോഗ്യത്തിന് അപകടകരമോ ഹാനീകരമോ ആയ ഏതെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന് അപകടമുണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കഴിഞ്ഞ സീസണില്‍ അരവണ പായസം വിറ്റതിലൂടെ ക്ഷേത്രത്തിന് 146,99, 37,700 രൂപ ‘അപ്പം’ വില്‍പ്പനയിലൂടെ 17,64,77,795 രൂപ ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ബോര്‍ഡ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഏകദേശം നൂറ്റിനാല്‍പ്പത്തിയേഴ് കോടിയുടെ വരുമാനമാണ് അരവണ വില്‍പ്പനയിലൂടെ ലഭിച്ചത്. 2023-24 വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ). കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വര്‍ഷം 10.35 കോടിയുടെ (10,35,55,025 രൂപ) വര്‍ധനവാണ് വരുമാനത്തിലുണ്ടായത്.