രാജ്യത്തെ പ്രതിശീര്‍ഷ ഡാറ്റ ഉപയോഗം കുതിച്ചുയരുകയാണ്. 1ജിബി ഡാറ്റ കൊണ്ട് ഒരു മാസം എത്തിച്ചിരുന്ന പൂര്‍വ്വകാലമുള്ളവരാണെങ്കിലും (2016ല്‍ ടെലകോം സേവനദാദാവ് ജിയോയുടെ രംഗപ്രവേശനത്തിനു മുമ്പുള്ള കാര്യമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ). ഇപ്പോൾ ഒരു ദിവസം തട്ടിമുട്ടി കടന്നുപോകാൻ 5ജിബി എങ്കിലും വേണം.
നോക്കിയ എംബിറ്റ് (MBiT) ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ രാജ്യത്തെ ഉപയോക്താക്കളുടെ ശരാശരി ഡാറ്റ ഉപയോഗം പ്രതിമാസം 24.1ജിബിയായി ഉയര്‍ന്നിരിക്കുയാണ്. ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും പിന്നിലിരിക്കുന്നവര്‍ക്ക് എത്ര ഡാറ്റ കിട്ടിയാലും മതിവരികയുമില്ല. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അന്നത്തെ ഡാറ്റ ക്വാട്ട നിലച്ചാല്‍ എന്തു ചെയ്യും?
അത്തരം സാഹചര്യങ്ങളില്‍ എയര്‍ടെല്ലിന്റെ 2ജി, 4ജി ഉപയോക്താക്കള്‍ക്ക് 1ജിബി ഡാറ്റ ‘കടമെടുക്കാം’. കുറഞ്ഞത് മൂന്നു മാസമായി എയര്‍ടെല്‍ സര്‍വിസ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ കമ്പനി നല്‍കുന്നത്. ഈ സന്ദര്‍ഭത്തില്‍ ഒരു എയര്‍ടെല്‍ ഉപയോക്താവ് തന്റെ ഫോണില്‍ നിന്ന് ‘52141’ എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. അല്ലെങ്കില്‍ യുഎസ്എസ്ഡി കോഡ് ആയ *567*3# ഡയല്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന എസ്എംഎസിനു മറുപടിയായി 1 എന്ന് ടൈപ് ചെയ്ത് അയയ്ക്കുക. (ഇങ്ങനെ ലഭിക്കുന്ന ഇന്ററാക്ടിവ് എസ്എംഎസ് അയച്ചിരിക്കുന്നത് CLI 56321 എന്ന നമ്പറില്‍ നിന്നായിരിക്കും.)
ഇങ്ങനെ ലഭിക്കുന്ന 1ജിബി ഡാറ്റയുടെ വാലിഡിറ്റി 2 ദിവസം മാത്രമായിരിക്കും. അടുത്ത തവണ നിങ്ങള്‍ ഡാറ്റയ്ക്കായി ചാര്‍ജ് ചെയ്യുമ്പോള്‍ ലഭിച്ച 1ജിബി കിഴിച്ചുള്ള ഡേറ്റ മാത്രമേ കിട്ടൂ എന്നും അറിഞ്ഞിരിക്കണം. ഈ ഡേറ്റാ കടം വീട്ടാത്ത പക്ഷം പിന്നെ ലോണ്‍ ആയി ഡേറ്റ തരികയുമില്ല.