ദുബായ്: യു.എ.ഇയിൽ ബിസിനസ് ബേയിൽ നിന്ന് മറ്റ് മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ട് ബസ് സർവിസ് പ്രഖ്യാപിച്ചു. എക്സിലൂടെയാണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്. ബിസിനസ് ബേ എക്സിറ്റ് 2വിൽ നിന്ന് ഓൺ പാസീവ് സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ്, ഇക്വിറ്റി, മഷ്റഖ് സ്റ്റേഷൻ, അൽ ഖൈൽ, ദുബായ് ഇന്റർനെറ്റ് സിറ്റി എന്നീ സ്റ്റേഷനുകളിലേക്കാണ് നേരിട്ട് ബസ് സർവിസ് ആരംഭിച്ചത്.
അതേസമയം, അതിശക്തമായ മഴ മൂലം ഏപ്രിൽ പകുതിയോടെ താൽകാലികമായി അടച്ചിട്ട ഓൺ പാസിവ്, ഇക്വിറ്റി, മഷ്റഖ്, എനർജി എന്നീ നാല് മെട്രോ സ്റ്റേഷനുകൾ മേയ് 28ന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. നാല് മെട്രോ സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളും മറ്റ് സുരക്ഷ പരിശോധനകളും പൂർത്തീകരിച്ച ശേഷമാണ് പ്രവർത്തന സജ്ജമാക്കിയത്. ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്ലിക്കേഷൻ വഴി സേവനം ബുക്ക് ചെയ്യാം. ആപ്പിൾ സ്റ്റോറിലും ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ് ലഭ്യമാണ്. 14 സീറ്റുള്ള ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.