ദുബായ്: നാസയിൽ ഇമിറാത്തി അംഗമായുള്ള രണ്ടാംഘട്ട അനലോഗ് പഠനം ആരംഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എം.ബി.ആർ.എസ്.സി.) അറിയിച്ചു. ഇതിനായി യു.എ.ഇ.യുടെ ശാസ്ത്രജ്ഞൻ ശരീഫ് അൽ റൊമൈതി കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടിന് നാസയുടെ ജോൺസൺ ബഹിരാകാശകേന്ദ്രത്തിലെ ഹ്യൂമൺ എക്സ്‌പ്ലോറേഷൻ റിസർച്ച് അനലോഗ് കേന്ദ്രത്തിലെത്തി.
45 ദിവസം നീണ്ടുനിൽക്കുന്നതാണ് അനലോഗ് പഠനത്തിന്റെ രണ്ടാംഘട്ടം. ജേസൺ ലീ, സ്റ്റെഫാനി നവാരോ, പിയുമി വിജേശേഖര എന്നിവരും ശരീഫിനൊപ്പമുണ്ട്. ഭാവിയിലെ ദീർഘകാല ബഹിരാകാശദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള വിവിധ ശാസ്ത്രീയഗവേഷണങ്ങളാണ് ജൂൺ 24 വരെ സംഘം നടത്തുകയെന്ന് എം.ബി.ആർ.എസ്.സി. ഡയറക്ടർ ജനറൾ സലിം ഹുമൈദ് അൽമർറി പറഞ്ഞു.
നാലു രീതികളിലാണ് പഠനംനടത്തുക. മനുഷ്യരുടെ ആരോഗ്യവുമായിബന്ധപ്പെട്ട 18 പഠനങ്ങൾ ഇതിലുൾപ്പെടും. ചാന്ദ്ര, ചൊവ്വ പര്യവേക്ഷണ ദൗത്യങ്ങളിൽ ക്രൂ അംഗങ്ങൾക്ക് ആവശ്യമായ ശാരീരിക, മാനസിക പഠനങ്ങളും ലക്ഷ്യമിടുന്നുണ്ട്. യു.എ.ഇ. യൂണിവേഴ്‌സിറ്റി, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ എന്നിവയുമായിചേർന്നാണ് ശാസ്ത്രീയ പരീക്ഷണങ്ങൾ ഏറെയും നടത്തുന്നത്.