ഉന്നതരെ വാഴ്ത്തിപ്പാടുകയും ജീവനക്കാരെ വീഴ്ത്തുകയും ചെയ്തിരിക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖമുദ്ര തന്നെ തൊഴിലാളികളാണ്. പക്ഷെ, മുഖം രക്ഷിക്കാനോ, മുദ്ര(ചിഹ്നം) രക്ഷിക്കാനോ ഉള്ള ശ്രമമൊന്നും സര്‍ക്കാരിന്റെ പക്ഷത്തു നിന്നും കാണുന്നില്ല. ഇപ്പോഴിതാ ജഡ്ജിമാര്‍ക്ക് നാല് ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കോടതി കയറുന്ന മന്ത്രിമാരും, മുഖ്യമന്ത്രിയും ജഡ്ജിമാരുടെ കാര്യങ്ങള്‍ കൃത്യമായി പരിഗണിച്ചില്ലെങ്കില്‍ പണി വരുന്ന വഴി അറിയാന്‍ പോലും പറ്റില്ല.
നിയമസഭാ കേസ് മുതല്‍ നോക്കിയാല്‍ കേസിന്റെയൊക്കെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നു പറയുമ്പോള്‍ ആ വഴി സര്‍ക്കാര്‍ വഴിയാണെന്ന് വ്യക്തമാണ്. ഇവിടെയാണ് രാഷ്ട്രീയവും നിയമവും കൂടിക്കലരുന്നത്. പരസ്പരം താങ്ങായും തണലായും നിന്നില്ലെങ്കില്‍ ആരും ഉണ്ടാകില്ലെന്ന ഭരണഘടനാ തത്വംപോലെയാണ് ഇവരുടെ ഇടപെടലുകള്‍.
അതുകൊണ്ടു തന്നെ ജഡ്ജിമാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ രണ്ടാമതൊന്നു ചിന്തിച്ചില്ല. ഇതോടൊപ്പം വിരമിച്ച ജഡ്ജിമാര്‍ക്ക് ക്ഷാമ ആശ്വാസവും 4 ശതമാനം വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ട്. 2024 ജനുവരി 1 മുതല്‍ പ്രാബല്യത്തിലാണ് ക്ഷാമബത്തയും ക്ഷാമആശ്വാസവും വര്‍ദ്ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 46 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ന്നു.
കേന്ദ്ര സര്‍ക്കാര്‍ 2024 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ ചുവട് പിടിച്ചാണ് ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ഉയര്‍ത്തിയത്. കുടിശിക പണമായി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2021 ജൂലായ് മുതല്‍ ലഭിക്കേണ്ട 19 ശതമാനം ക്ഷാമബത്ത കുടിശിക ആണ്. നിലവില്‍ അനുവദിച്ച 2 ശതമാനം ക്ഷാമബത്തയില്‍ 39 മാസത്തെ അര്‍ഹതപ്പെട്ട കുടിശികയും ധനമന്ത്രി അനുവദിച്ചില്ല.
അതേ ധനമന്ത്രിയാണ് ജഡ്ജിമാര്‍ക്ക് കൃത്യമായി ഡി.എ അനുവദിക്കുന്നതും കുടിശിക പണമായി തന്നെ അനുവദിക്കുന്നതും എന്നതാണ് അതിശയം. ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ്ബ് നവീകരിക്കാനും ബാലഗോപാല്‍ 1.16 കോടി അനുവദിച്ചിട്ടുണ്ടായിരുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും ഈ മാസം 2ന് ക്ഷാമബത്ത 4 ശതമാനം അനുവദിച്ചിരുന്നു. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജഡ്ജിമാര്‍, ഐ.എ.എസ്, ഐ.പി.എസുകാര്‍ എന്നിവര്‍ക്കെല്ലാം കൃത്യമായി ക്ഷാമബത്ത നല്‍കുന്ന നയമാണ് ബാലഗോപാലിന്റേത്.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷാമബത്ത ആവശ്യപ്പെട്ടാല്‍ സാമ്പത്തിക പ്രതിസന്ധി എന്ന വാദമാണ് ഉയര്‍ത്തുന്നത്. 1600 രൂപയുടെ തുച്ഛമായ ക്ഷേമ പെന്‍ഷന്‍ പോലും 6 മാസമായി കുടിശികയാക്കിയ ഇതുപക്ഷ സര്‍ക്കാരിന്റെ തൊഴിലാളി വര്‍ഗനയം പറയാതിരിക്കാന്‍ വയ്യ. എന്തൊക്കെ ബുദ്ധിമുട്ടുണ്ടായാലും സര്‍ക്കാര്‍ ജീവനക്കാരെ കൂടെ നിര്‍ത്തുന്ന നയമായിരുന്നു യു.ഡി.എപിന്റെത്. ഇതുകൊണ്ടുതന്നെ ആ സര്‍ക്കാരിനോട് കൂറുമുണ്ടായിരുന്നു.
നോക്കൂ, KSRTC ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ യോഗത്തിലും, കോടതികളിലും നിന്ന് കേട്ടൊരു തീയതിയുണ്ടായിരുന്നു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം കൊടുക്കണമെന്ന്. ആ വാക്കാണ് പാഴായിപ്പോയത്. ജീവനക്കാരോട് പറയുന്ന വാക്കുകളെല്ലാം പഴഞ്ചനും, അധികാര ശ്രേണിയില്‍ ഉയരത്തിലിരിക്കുന്നവര്‍ക്കെല്ലാം കൃത്യമായ സംവിധാനങ്ങളും. ഇതാണ് ഇതുപക്ഷം.
ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന മുദ്രാവാക്യവും, എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവും ഓര്‍ക്കേണ്ട കാലമാണ്. ആരാണ് ശരിയായത്. ഈ നാട്ടിലെ പാവപ്പെട്ടവനും സര്‍ക്കാര്‍ ജീവനക്കാരനും ശരിയായിക്കഴിഞ്ഞു. പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡു സംബന്ധിച്ചും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിക്കേണ്ട ക്ഷാമബത്ത / ക്ഷാമ ആശ്വാസം കുടിശിക ഇങ്ങനെ: 1.07.21 – 3 ശതമാനം,01.01.22 – 3 ശ്തമാനം, 01.01.23 – 4 ശതമാനം, 01.07.23 – 3 ശതമാനം, 01.01.24 – 3 ശതമാനം ആകെ :- 19 ശതമാനം
ഇങ്ങനെ ജീവനക്കാരനെ കരയിപ്പിച്ചു കൊണ്ട് വലിയ ഉദ്യോഗസ്ഥരുടെ അധികാരവും, പദവിയും കണ്ട് റാന്‍ മൂളുന്ന സര്‍ക്കാര്‍ എന്തും ചെയ്യും. വറുതിക്കാലത്ത് വിത്തെടുത്തു കുത്തി തിന്നുന്നവരെപ്പോലെ മാറിയിട്ടുണ്ട് സര്‍ക്കാര്‍. മുഖ്യമന്ത്രിക്കും മരുമകന്‍ മന്ത്രിക്കും വിനോദ സഞ്ചാരം നടത്താന്‍ പറ്റിയ നാളുകളാണ് കേരളത്തില്‍. ‘മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ’ എന്നതു പോലെയാണല്ലോ കാര്യങ്ങള്‍. എന്തായാലും, വോട്ടിനുമാത്രം വളര്‍ത്തുന്ന ഒരു ജനതയായി സര്‍ക്കാര്‍ ജീവനക്കാരെ മാറ്റിയെടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒടുക്കത്തെയൊരു സ്‌നേഹ പ്രകടനം നടത്തുമെന്നുറപ്പാണ്. കാത്തിരിക്കാം.