Health

ചൂടും മഴയും; ഒപ്പം മഞ്ഞപിത്തം വ്യാപിക്കുന്നു: ഈ ലക്ഷണങ്ങൾ കണ്ടാൽ നിസ്സാരമായി കാണരുത്

രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. ചർമത്തിനും കണ്ണുകൾക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി, ഇരുണ്ട മൂത്രം എന്നിവ രോഗലക്ഷണങ്ങളാണ്. രോഗത്തെ അതിജീവിക്കാൻ ശരിയായ ഭക്ഷണരീതി ആവശ്യമാണ്.

ഉയർന്ന അളവിൽ നല്ലയിനം മാംസ്യം, അന്നജം, മിതമായ അളവിൽ കൊഴുപ്പ് എന്നിവ അടങ്ങുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. നിർജ്ജലീകരണം തടയുന്നതിനും ശരീരത്തിലെ വിഷാംശം പുറംതള്ളുന്നതിനും ദിവസം രണ്ട് ലീറ്റർ വെള്ളം കുടിക്കണം. രുചിക്കുറവും ഓക്കാനവും അകറ്റാൻ നാരങ്ങ, മധുരനാരങ്ങ ജ്യൂസുകൾ കുടിക്കാം. ഇവയിലുള്ള വൈറ്റമിനുകളായ സി, എ, ആന്റിഓക്സിഡന്റുകൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

തൊലിയോടു കൂടിയ ധാന്യങ്ങളും കഴിക്കാം. ഓട്സിലെ ബീറ്റാഗ്ലൂക്കൺ കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വർധിപ്പിക്കും. നട്സും പയർവർഗങ്ങളും വൈറ്റമിൻ ഇ, ഫിനോലിക് ആസിഡ് എന്നിവ നൽകുന്നു.

തക്കാളി, പപ്പായ, തണ്ണിമത്തൻ, മധുരനാരങ്ങ, കാരറ്റ് എന്നിവയിൽ ലൈകോപീൻ, ബീറ്റാകരോട്ടിൻ എന്നിവ കൂടിയ അളവിലുണ്ട്. ഇവ കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നു. കാപ്പി, ചായ എന്നിവയിൽ ആന്റിഓക്സിഡന്റുമുണ്ട്. രക്തത്തിൽ സോഡിയത്തിന്റെ അസന്തുലിതാവസ്ഥയ്ക്കു സാധ്യതയുള്ളതിനാൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കണം. പകുതി പാചകം ചെയ്തതോ, ശരിയായി പാകം ചെയ്യാത്തതോ ആയ മൽസ്യം കഴിക്കരുത്. പ്രത്യേകിച്ചും കക്ക, ഞണ്ട്, കൊഞ്ച് എന്നിവ.

ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണം, കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കൾ എന്നിവ രോഗം കൂടാൻ കാരണമാകും. അതിനാൽ ഇവ ഒഴിവാക്കാം. റെഡ്മീറ്റിലെ പൂരിത കൊഴുപ്പും അമിനോ ആസിഡും കരൾ കോശങ്ങൾക്കു കൂടുതൽ നാശം വരുത്താം. അതിനാൽ ഇതും ഒഴിവാക്കുന്നതാണു നല്ലത്.

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

  • അമിതമായ ക്ഷീണം തോന്നുക, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുക എന്നിവയൊക്കെ പല രോഗങ്ങളുടെയും ലക്ഷണമാകാം എങ്കിലും കരള്‍ ക്യാന്‍സറിനും ഇത്തരമൊരു ലക്ഷണം കണ്ടേക്കാം.
  • ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക. പെട്ടെന്ന് അമിതമായി ശരീരഭാരം കുറയുന്നത് കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി ശ്രദ്ധിക്കുന്നത് നല്ലതാണ്.
  • ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കണം. ചര്‍മ്മം അകാരണമായി ചൊറിയുന്നതും ഒരു ലക്ഷണമാകാം.
  • ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക.
  • അല്‍പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കേണ്ടതാണ്. കാരണം ഭക്ഷണം കഴിച്ച് കഴിയുന്നതിനു മുന്‍പ് തന്നെ വയര്‍ നിറയുന്നതും വേദന അനുഭവപ്പെടുന്നതും കരളുമായി ബന്ധപ്പെട്ടിരിക്കുന്നു.