കുവൈത്ത് സിറ്റി: വ്യാജ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മുൻ എംപിയുടെ സെക്രട്ടറിയായി ജോലി ചെയ്യുന്ന വനിതാ പൗരക്ക് അഞ്ച് വർഷം കഠിന തടവും 21,000 കുവൈത്ത് ദിനാർ പിഴയും. കേസിലെ കീഴ്‌ക്കോടതി വിധി മേൽക്കോടതി ശരിവെക്കുകയായിരുന്നു.
അമീരി ദിവാൻ വീടുകൾ, പൗരത്വം, ഫാമുകൾ, കന്നുകാലി തൊഴുത്ത് തുടങ്ങിയവ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി പൗരന്മാരെ കബളിപ്പിച്ചത്. അമീരി ദിവാൻ, കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ്, നാഷണൽ അസംബ്ലി എന്നിവയുടെ ലോഗോകൾ അവർ വ്യാജമായി നിർമിക്കുകയും ചെയ്തു. അതിലൂടെ ഇരകളിൽ നിന്ന് 43,000 കുവൈത്ത് ദിനാറാണ് ഇവർ കയ്യിലാക്കിയത്. വിദ്യാർഥികളുടെ സർവീസ് ഷോപ്പുകൾ വഴിയാണ് ലോഗോകളിൽ ഇവർ കൃത്രിമം കാണിച്ചതെന്ന് ഇരകൾ പരാതി നൽകിയപ്പോൾ കണ്ടെത്തി.